ദൈവങ്ങളുടെ ദ്വീപിൽ ഒരു ഇടവേള

/img/2017-09-13-bali/cover.jpg

വിനോദയാത്രകൾ ജീവിതത്തിന്റെ അജണ്ടയിലങ്ങനെ കാര്യമായുണ്ടായിരുന്നവയല്ല. താത്പര്യമില്ലാത്തതുകൊണ്ടല്ല, ധൈര്യപ്പെടാത്തതുകൊണ്ട്. കാലം ചില കോലങ്ങളൊക്കെ കെട്ടി ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ മിടുക്കരാക്കിക്കളയും. അങ്ങനെയൊരു നിമിഷത്തിലായിരുന്നു പതിവുകൾ വിട്ടു ബാലിയാത്രയ്ക്കൊരു ടിക്കറ്റ് ഞങ്ങളെടുത്തത്. ഒരു മാസത്തെ കാത്തിരുപ്പായിരുന്നു പിന്നെ. കാണാനുള്ള കാഴ്ചകളുടെ ട്രെയിലർ ഷോട്ടുകൾ യാത്രാസഹായികളായ വെബ്സൈറ്റുകൾ ദിവസേന നിരത്തിക്കൊണ്ടിരുന്നു.

ബാലിയുടെ സ്ഥാനം

ബാലിയുടെ സ്ഥാനം

ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരം പേറുന്ന ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപിന്റെ പരപ്പ്. നമ്മുടെ കേരളം ഇതിന്റെ ഏഴിരട്ടിയുണ്ടെന്നോർക്കുക. ചുറ്റോടുചുറ്റുമുള്ള കടലോരങ്ങളുടെ ചാരുത മുതൽ അഗ്നിപർവ്വതങ്ങളുടെ ഗാംഭീര്യം വരെ ഈ ഭൂവിഭാഗം ആവാഹിച്ചിരിക്കുന്നു. ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്. ബാലി ജനതയുടെ സാംസ്കാരികപാരമ്പര്യത്തിന്റെ ഭാഗമായ നൃത്തസംഗീതാദികലകളും, കരകൗശലവിദ്യകളും, സ്വർണ്ണ-വെള്ളി ആഭരണ നിർമ്മാണവും മുതൽ നാടുമുഴുവൻ പരന്നുകിടക്കുന്ന ക്ഷേത്രസമുച്ചയങ്ങളും, നെൽപ്പാടങ്ങളും, കാപ്പിത്തോട്ടങ്ങളും ഒക്കെ വിനോദസഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാകുന്നു. സാഹസികർക്കായി അഗ്നിപർവ്വതപരിസരങ്ങളിലെ ട്രെക്കിങ്ങും, സ്കൂബാഡൈവിങ്ങ് ഉൾപ്പെടെയുള്ള സമുദ്രജലകേളികളും ഇവിടെ ഉണ്ട്. അത്രസാഹസികമല്ലാത്ത ഒരു മനസ്സും കൊണ്ട് അഞ്ചുദിവസത്തെ ഒഴിവുദിനങ്ങളിൽ ഇതിലെന്തൊക്കെ അനുഭവങ്ങൾ സ്വന്തമാക്കാനാകുമെന്ന് ഫ്ലൈറ്റ് കയറുമ്പോൾ ഒരു രൂപം മനസ്സിലുണ്ടായിരുന്നില്ല എന്നതാണ് സത്യം.

വിസ ഓൺ അറൈവൽ

ടൂറിസം മുഖ്യവ്യവസായം ആയതുകൊണ്ടു തന്നെ ഇന്ത്യ ഉൾപ്പെടെ ഒട്ടുമിക്ക രാജ്യക്കാർക്കും ഇന്തോനേഷ്യയിലേയ്ക്ക് മുൻകൂർ വിസ സ്റ്റാമ്പിങ്ങ് ആവശ്യമില്ല. ബാലിയുടെ തലസ്ഥാനനഗരമായ ദെൻപസർ വിമാനത്താവളത്തിൽ എത്തിയതിനുശേഷം വിസ സ്റ്റാമ്പിങ്ങിനായുള്ള നിര സാമാന്യം നീണ്ടതു തന്നെയാണ്. ഇന്ത്യക്കാർക്ക് അതിനു പ്രത്യേക ഫീസൊന്നും ഇല്ലതാനും. സ്റ്റമ്പിങ്ങും കസ്റ്റംസ് ക്ലിയറൻസും കഴിഞ്ഞ് പുറത്തെത്താൻ ഒരുമണിക്കൂറോളമെടുത്തു. എയർഏഷ്യ വിമാനത്തിൽ കോലാലംപുർ വഴിയുള്ള കണക്ഷൻ ആയിരുന്നു. പക്ഷേ മലേഷ്യൻ ട്രാൻസിറ്റ് വിസയും ആവശ്യമായി വന്നില്ല.

ഇന്ത്യൻ രൂപയും ഇന്തോനേഷ്യൻ രൂപയും

കൊച്ചിയിൽ നിന്നും രാവിലെ എട്ടരയ്ക്ക് തുടങ്ങുന്ന യാത്ര മലേഷ്യയിലെ ട്രാൻസിറ്റും കഴിഞ്ഞ് ബാലിയിൽ അവസാനിയ്ക്കുമ്പോൾ സമയം രാത്രി ഒൻപതുമണിയാണ്. ഈ കൊച്ചുദ്വീപത്ര ‘ഡിജിറ്റൽ’ ആയിട്ടില്ല എന്നു വായിച്ചറിഞ്ഞിരുന്നു. അതിനാൽ കോലാലംപുർ വെച്ചുതന്നെ കറൻസി മാറ്റണമെന്നുവിചാരിച്ചിരുന്നെങ്കിലും ട്രാൻസിറ്റ് വഴികളിലൊന്നും മണിചേഞ്ചേഴ്സിനെ കാണാത്തതുകൊണ്ട് ആ പരിപാടി നടന്നില്ല. ബാലിയിലെ വൈകിയ ലാൻഡിങ്ങിനും തുടർപ്പരിപാടികൾക്കും ശേഷം ഇന്ത്യൻ രൂപ മാറ്റാനായി അന്വേഷണം തുടങ്ങിയപ്പോഴാണ് നമ്മുടെ കയ്യിലുള്ള ഇന്ത്യൻ നോട്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളൊന്നും അവിടെ ഇല്ല എന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഒരു രാത്രിപ്രസംഗത്തിലൂടെ അസാധുവാകാനിടയുള്ള കടലാസുകഷണങ്ങളെ എന്തുവിശ്വസിച്ചുവാങ്ങിവെക്കുമെന്ന ചിന്തകൊണ്ടാണോ ഇന്ത്യൻ രൂപ സ്വീകരിക്കാത്തതെന്നൊക്കെ സംശയിച്ചുകൊണ്ട് മുന്നോട്ടു നടന്നു. ഒടുവിൽ വിമാനത്താവളത്തിൽ ATMൽ കയറി പണമെടുക്കാൻ തന്നെ തീരുമാനിച്ചു. പിൻവലിക്കാനുള്ള തുക തെരഞ്ഞെടുക്കുമ്പോൾ നാണയവിനിമയനിരക്ക് അറിയില്ലയെങ്കിൽ ഒന്നുകൂടി ഞെട്ടേണ്ടി വന്നെനെ. ഒരുലക്ഷം മുതൽ പത്തുലക്ഷം രൂപവരെയുള്ള പല ഓപ്ഷനാണ് ATM മെഷീൻ നമുക്കു തരിക. ഒരു ഇന്ത്യൻ രൂപ ഏകദേശം ഇരുന്നൂറ് ഇന്തോനേഷ്യൻ രൂപയുടെ മൂല്യത്തിനൊപ്പം വരും. അതായത് അവിടെ പത്തുലക്ഷം പിൻവലിക്കുമ്പോൾ അയ്യായിരം ഇന്ത്യൻ രൂപയാണ് അക്കൗണ്ടിൽ നിന്നും കുറവുചെയ്യപ്പെടുക.

ഇന്തോനേഷ്യൻ കറൻസി

ഇന്തോനേഷ്യൻ കറൻസി

വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോളും വീണ്ടും മണിചേഞ്ചേഴ്സിനെ പരതിക്കൊണ്ടിരുന്നു. ഇന്ത്യൻറുപ്പി എന്ന ബോർഡ് കണ്ട് ചെന്നു പണമെണ്ണിക്കൊടുത്തുകഴിഞ്ഞാണ് വിനിമയനിരക്ക് വെറും 135 ഇന്തോനേഷ്യൻ രൂപമാത്രമാണെന്ന് അറിയുന്നത്. ഇത്രയും നഷ്ടത്തിൽ കൈമാറണ്ട എന്നു തീരുമാനിച്ച് പണം തിരികെ വാങ്ങി ആ കച്ചവടം അങ്ങൊഴിവാക്കി. അതിനിടെ വേണമെങ്കിൽ 150 വരെ കൂട്ടിത്തരാമെന്ന വാഗ്ദാനവുമുണ്ടായി. തെരുവുകച്ചവടത്തിൽ വിലപേശേണ്ടിവരുമെന്ന് വായിച്ചറിഞ്ഞിരുന്നെങ്കിലും നാണയവിനിമയത്തിൽ തന്നെ അതുണ്ടായതോടെ വല്ലാതെ തട്ടിപ്പുമണത്തതുകൊണ്ട് കൂടുതൽ അവിടെ നിന്നില്ല. പിന്നീടുള്ള ദിവസങ്ങളിലൊക്കെ പല ടൂറിസ്റ്റ് സ്പോട്ടുകളിലും മണി ചേഞ്ചിങ്ങ് സ്ഥാപനങ്ങൾ കണ്ടെങ്കിലും മിക്കയിടത്തും ഇന്ത്യൻ രൂപ സ്വീകരിക്കുന്നുണ്ടായിരുന്നില്ല. ഇനി സ്വീകരിക്കുന്ന അപൂർവ്വം സ്ഥാപനങ്ങളിലൊക്കെ 150 ഇന്തോനേഷ്യൻ രൂപയ്ക്ക് മുകളിൽ മൂല്യവും കിട്ടില്ല. ATMകളാണിക്കാര്യത്തിൽ വിശ്വസ്തസ്ഥാപങ്ങൾ. 188 ഇന്തോനേഷ്യൻ രൂപവരെയൊക്കെ വിനിമയമൂല്യം അവിടെ ലഭിയ്ക്കും. അതുകൊണ്ട് യാത്രയ്കായി കരുതിയ ഇന്ത്യൻ കറൻസി നോട്ടുകൾ അതുപോലെ തിരിച്ചുകൊണ്ടുവന്നു.

ഹൃദയംകൊണ്ട് സ്വീകരിച്ചവർ

ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നുമില്ലാത്ത ഒരു നാട്ടിൽ യാത്രാക്ഷീണത്തോടെ ചെന്നെത്തുമ്പോൾ നമ്മളെ സ്വാഗതം ചെയ്യുന്നവരാരായാലും അവരോടു ഒരു പ്രത്യേക മമതയുണ്ടാകും. എയർപോർട്ടിൽ നിന്നും ഹോട്ടലിലേയ്ക്കുള്ള ടാക്സി മുൻകൂട്ടി ബുക്ക് ചെയ്തിട്ടാണ് യാത്രതുടങ്ങിയത്. ബാലിയിലെ വൈകിയ ലാൻഡിങ്ങിനും ചെക്കൗട്ട് ചടങ്ങുകൾക്കും ശേഷം പുറത്തെത്തിയപ്പോൾ പ്രതീക്ഷിച്ചതിലും ഒന്നര മണിക്കൂറിലേറെ വൈകിയിരുന്നു.

ദെൻപസർ എയർപോർട്ട്

ദെൻപസർ എയർപോർട്ട്

പുറത്തേക്കുള്ള കവാടത്തിൽ അതിഥികളുടെ പേരെഴുതിയ ബോർഡുകളുമായി തിങ്ങിനിറഞ്ഞ് കാത്തുനിൽക്കുന്ന ടാക്സിഡ്രൈവർമാർക്കിടയിൽ സ്വന്തം പേരു പരതി പലയാവർത്തി നടന്നു ഞങ്ങൾ നിരാശപ്പെട്ടു. ഇത്ര വൈകിയതുകൊണ്ട് ഡ്രൈവർ പോയിട്ടുണ്ടാകും എന്നു തന്നെ ഞങ്ങളുറപ്പിച്ചു. അപ്പോഴാണ് ടാക്സി ഓഫറുമായി ഒരു സ്ത്രീ ഞങ്ങളെ സമീപിച്ചത്. ഓൺലൈൻ ബുക്ക്ചെയ്ത ടാക്സിയുടെ ഇരട്ടിയോളം തുകപറഞ്ഞെങ്കിലും എയർപോർട്ടിൽ ഇനിയും മറ്റൊന്നന്വേഷിക്കാനുള്ള സമയമില്ലാത്തതുകൊണ്ട് അവർ പറഞ്ഞതുകയും കൊടുത്തു പുറത്തേയ്ക്കു കടന്നപ്പോഴാണ് മറ്റൊരു നിര ടാക്സി ഡ്രൈവർമാരെ കണ്ടത്. അവർക്കിടയിൽ കൂടി ഒന്നു നോക്കിവരാമെന്നുറപ്പിച്ച് ചെന്ന ഞാൻ കണ്ടത് സന്തോഷിന്റെ പേരെഴുതിയ ബോർഡുമായി ക്ഷീണിച്ച് നിലത്ത് കുത്തിയിരിക്കുന്ന ഡ്രൈവറെയാണ്. അങ്ങനെ ഞങ്ങൾ രണ്ടു അതിഥികളും രണ്ടു ടാക്സിക്കാരും മുഖാമുഖം നോക്കി ഏതാനും നിമിഷം നിന്നു. കാലുകുത്തിയതേ അബദ്ധത്തിലേയ്ക്കാണല്ലോ എന്ന ചിന്തയാണോ, വിശപ്പാണോ, ക്ഷീണമാണോ അതിലേറെ ഇപ്പോൾ എന്തു ചെയ്യണമെന്ന ആവലാതിയാണൊ അലട്ടിയതെന്നു പറയാൻ വയ്യ.

ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് എയർപോർട്ടിൽ നിന്നും വിളിച്ച ടാക്സിക്കാർ പണം മുഴുവൻ തിരികെ തരാമെന്നു സമ്മതിച്ചു. വളരെ വിഷമിപ്പിക്കുമായിരുന്ന ആ സന്ദർഭം അങ്ങനെ മംഗളമായി പര്യവസാനിച്ചു. ഇത്ര വൈകിയിട്ടും കാത്തുനിന്ന ദിയാസിന് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ അയാൾക്കൊപ്പം ഹോട്ടലിലേയ്ക്കു നീങ്ങി. അതിഥികളെ സ്വീകരിച്ചിട്ടേ ഞങ്ങൾ ഡ്രൈവർമാർ മടങ്ങാറുള്ളൂവെന്നപ്പോൾ അയാൾ പറഞ്ഞു. ഒരുപക്ഷേ ആ രണ്ടാമത്തെ നിര ടാക്സിക്കാർക്കിടയിൽ നോക്കാൻ എനിയ്ക്കു തോന്നിയില്ലായിരുന്നുവെങ്കിൽ അയാളെത്രമാത്രം അങ്കലാപ്പിലായേനെ എന്നുകൂടി ആലോചിച്ചപ്പോൾ ആ തീരുമാനത്തിനു ഞാൻ എന്നെ വീണ്ടും അഭിനന്ദിച്ചുകൊണ്ടിരുന്നു.

ഹോട്ടലിലെത്തിയപ്പോൾ രാത്രി പതിനൊന്നുമണിയും കഴിഞ്ഞിരുന്നു. ഇനി പുറത്തുപോയി കഴിക്കുവാനുള്ള മൂഡൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. അവിടെയുള്ള പാതിരാത്രിവരെയുള്ള റെസ്റ്റോറന്റ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയായിരുന്നു. അന്നത്തെ അവസാനത്തെ ഓർഡർ ഞങ്ങൾക്കായി ഒരുക്കി അവരും ആദ്യത്തെ ഇന്തോനേഷ്യൻ രുചി നാവിലേറ്റി ഞങ്ങളും ആ നീണ്ട ദിവസം പൂർത്തിയാക്കി.

പൊതുഗതാഗത സംവിധാനങ്ങൾ തിരെയില്ലാത്ത നാടാണ് ഇത്. ഇരുചക്രവാഹനങ്ങളാണ് തദ്ദേശീയരുടെ പ്രധാനവാഹനം. ഇന്തോനേഷ്യയിൽ വാലിഡായ ലൈസൻസുണ്ടെങ്കിൽ ടൂറിസ്റ്റുകൾക്ക് വാടകയ്ക്കെടുത്ത് സഞ്ചരിക്കുവാൻ ബൈക്കുകൾ ഒക്കെ ലഭ്യമാണ്. പക്ഷേകൂടുതൽ പേരും ആശ്രയിക്കുന്നത് പ്രൈവറ്റ് ഡ്രൈവർമാരെയാണ്. അവർഒരേ സമയം ഡ്രൈവറും ഗൈഡും ചിലപ്പോൾ ഫോട്ടോഗ്രാഫറും ഒക്കെയായി കൂടെയുണ്ടാകും. Uber, Blue Taksi തുടങ്ങിയ ഓൺലൈൻ ടാക്സി സർവീസുകളും ഉണ്ട്. ഞങ്ങൾ ആദ്യയാത്രയ്ക്കായി Uber Taxi സർവീസാണുപയോഗിച്ചത്. പക്ഷേ യൂബർ ആപ്പിൽ കണ്ട വാഹനമായിരുന്നില്ല ഞങ്ങളെ കൂട്ടാൻ ഹോട്ടലിലെത്തിയത്. സംശയിക്കേണ്ട, വണ്ടി കേടായതുകൊണ്ട് താൻ മറ്റൊരു വാഹനമുപയോഗിച്ചതാണെന്ന് ഡ്രൈവർ പറഞ്ഞു. ബാലിയുടെ തെക്കൻ മുനമ്പിലൊന്നായ ഉലുവാട്ടു ക്ഷേത്രവും അവിടുത്തെ കെചക് നൃത്തവുമായിരുന്നു അന്നത്തെ പ്ലാൻ. തിരിച്ചുള്ള ട്രിപ്പിന് താൻ കാത്തുനിൽക്കാമെന്നയാൾ പറഞ്ഞു. ഇതൊന്നും നമ്മുടെ നാട്ടിൽ പതിവില്ലാത്തതുകൊണ്ട് ആകെ കൺഫ്യൂഷനായി. ഇംഗ്ലീഷ് അത്ര വശമില്ലെങ്കിലും അയാൾ ഞങ്ങളോട് സംസാരിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഉലുവാട്ടൂ ക്ഷേത്രം

ഉലുവാട്ടൂ ക്ഷേത്രം

പുട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. I am the number one in Bali എന്നൊക്കെ പറഞ്ഞത്, ബാലിനീസ് കുടുംബത്തിലെ മുതിർന്ന കുട്ടിയ്ക്കുള്ള പേരാണ് തന്റേതെന്നാണെന്നൊക്കെ മനസ്സിലാക്കാൻ ഞങ്ങൾക്കത്ര ബുദ്ധിമുട്ടേണ്ടി വന്നില്ല. അതിനിടയിൽ Uber is very dangerous in Bali എന്നൊക്കെ പറഞ്ഞപ്പോൾ ഒന്നു പേടിച്ചു. പിന്നെ വഴിയിലെ ചില ഫ്ലക്സ് ബോർഡുകളും കൂടി കണ്ടപ്പോഴാണ് കാര്യം മുഴുവനും മനസ്സിലായത്. ലോക്കൽ ടാക്സികളും ഓൻലൈൻ ടാക്സികളും തമ്മിൽ നമ്മുടെ കൊച്ചിയിലൊക്കെ ഉണ്ടായതിനു സമാനമായ ക്ലാഷുകൾ അവിടെയും ഉണ്ട്. ടൗണുകളിലെ ഹോട്ടലിൽ നിന്നുള്ള പിക്കപ്പ് അനുവദിക്കുമെങ്കിലും വിദൂരസ്ഥമായ ടൂറിസ്റ്റുസ്പോട്ടുകളിൽ നിന്നുള്ള പിക്കപ്പിന് ഓൺലൈൻടാക്സികളെ അനുവദിക്കില്ല എന്നതായിരുന്നു കണ്ട ഫ്ലക്സ്. പുട്ടു ഞങ്ങളുടെ പേഴ്സണൽ ഡ്രൈവറായി അവിടെ കാത്തുനിന്നതുകൊണ്ടു മാത്രമാണ് തിരികെ ഹോട്ടലിലേയ്ക്കുള്ള യാത്ര സുഖമായി നടന്നത്. ഇനി യാത്രയുണ്ടെങ്കിൽ വിളിയ്ക്കുവാൻ നമ്പർ ഒക്കെ തന്നാണ് പുട്ടു മടങ്ങിയത്.

 ഊബർ ടാക്സിക്കെതിരെയുള്ള ഫ്ലക്സ് ബോർഡ്

ഊബർ ടാക്സിക്കെതിരെയുള്ള ഫ്ലക്സ് ബോർഡ്

സമുദ്രവിഭവങ്ങൾക്ക് പേരുകേട്ടതാണ് ജിംബാരൻ ബീച്ച്. കടൽത്തീരത്ത് നൂറുകണക്കിന് റെസ്റ്റൊറന്റുകളാണിവിടെ ഉള്ളത്. സൂര്യാസ്തമയത്തിനു ശേഷം സജീവമാകുന്നവർ. അതിഥികൾക്കായി പാട്ടും നൃത്തവുമൊക്കെയുണ്ടവിടെ. ഞങ്ങളുടെ ഇന്ത്യൻ മുഖം കണ്ട് അടുത്തു വന്ന ഗായകസംഘം സംഗീതോപകരണങ്ങളൊക്കെ ചുറ്റും നിരത്തി ‘തൂ മുസ്കുരായാ’ പാടുമ്പോൾ എങ്ങനെ ഹൃദയം നിറഞ്ഞ് പുഞ്ചിരിക്കാതിരിക്കും?

 സീഫുഡ് റെസ്റ്റോറന്റിലെ ഗായകസംഘം

സീഫുഡ് റെസ്റ്റോറന്റിലെ ഗായകസംഘം

താമസിക്കുന്ന ഹോട്ടൽ താരതമ്യേന തിരക്കേറിയ കുട്ട എന്ന നഗരപ്രദേശത്തായിരുന്നു. പിറ്റേന്നത്തെ യാത്ര ബാലിയുടെ ഗ്രാമപ്രദേശമായ ഉബുദിലേയ്ക്കാണ്. ടൂറിസ്റ്റ് ട്രിപ്പുകൾ നടത്തുന്ന ഒരു കമ്പനിയുമായി ബന്ധപ്പെട്ട് ഹോട്ടൽ തന്നെ ഒരു പ്രൈവറ്റ് ഡ്രൈവറെ ഏർപ്പെടുത്തി. ഞങ്ങളുടെ ഡ്രൈവർ വയാൻ മറ്റൊരു ഒന്നാം നമ്പർ പേരുകാരനായിരുന്നു. നാലാമത്തെ കുട്ടിയ്ക്ക് വരെ ഇങ്ങനെ സ്ഥിരം പേരുകളുണ്ട്. അഞ്ചാമതൊരു കുട്ടിയുണ്ടായാൽ വീണ്ടും വയാൻ അല്ലെങ്കിൽ പുട്ടു എന്ന പേരിടും. ഇതൊക്കെ ആൺപേരുകളാണ്. ജാതിസമ്പ്രദായമൊക്കെ അവിടെയും ഉണ്ട്. ശൂദ്രർക്കിടയിലാണ് ഇപ്പറഞ്ഞ പേരുകളൊക്കെ എന്നാണ് വയാൻ പറഞ്ഞത്. വഴിയിലുടനീളം പല കടകൾക്കും വയാൻ എന്ന പേരുകാണുന്നുണ്ടെന്ന കാര്യം ഞാൻ സൂചിപ്പിച്ചപ്പോഴാണ് ഇതൊക്കെ പറഞ്ഞത്.

നമ്മുടെ താത്പര്യമനുസരിച്ച് വിശേഷങ്ങൾ പറയാൻ വയാന് നല്ല ഉത്സാഹമായിരുന്നു. ധാരാളം ചിത്രങ്ങൾ എടുത്തു തരികയും ചെയ്തു. ടൂർ കമ്പനിയുടെ ഉബുദ് പാക്കേജിൽ സ്വർണ്ണാഭരണനിർമ്മാണം ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അതിൽ അത്ര താത്പര്യമില്ല എന്നു പറഞ്ഞപ്പോൾ പുതിയ റൂട്ട് പ്ലാൻ ചെയ്യാനൊക്കെ വയാൻ സഹായിച്ചു. മടക്കയാത്രയിൽ കടുത്ത ട്രാഫിക് ബ്ലോക്കുകൊണ്ട് അല്പം ബോറടിച്ചു. പൊതുഗതാഗതം തീരെയില്ലാത്തതുകൊണ്ട് ഇതു പ്രതീക്ഷിച്ചേ പറ്റൂ. സ്കൂൾകുട്ടികളുടെ യാത്ര പിൻവശം തുറന്ന ഗുഡ്സ് കാരിയറിനു സമാനമായ വാഹനങ്ങളിലാണ്.

രണ്ടുദിവസത്തിനപ്പുറമുള്ള ചെറിയ യാത്രയ്ക്ക് ഞങ്ങൾ പുട്ടുവിനെ വീണ്ടും കൂടെ കൂട്ടി. ടയർ പഞ്ചറായി എത്താമെന്നേറ്റ സമയത്തിന് വരാൻ പറ്റാതെ പുട്ടു വിഷമിച്ചു. ഞങ്ങൾ കാത്തിരിക്കാമെന്നു പറഞ്ഞു. മുക്കാൽ മണിക്കൂർ വൈകിത്തുടങ്ങിയ യാത്രയാണെങ്കിലും തനാലോട്ടിലെ മറക്കാനാവാത്ത ഒരു സൂര്യാസ്തമയക്കാഴ്ചയിൽ ആ ദിവസവും മനോഹരമായി. പുട്ടുവിനും വയാനും ദിയാസിനുമൊപ്പം ഒരു പടം പോലും എടുത്തില്ലല്ലോയെന്ന സങ്കടം ഇപ്പോൾ ഇതെഴുതുമ്പോൾ ബാക്കി നിൽക്കുന്നു.

ഭാഷ : എഴുത്ത്, ലിപി, വർത്തമാനം

ജനസാമാന്യത്തിന്റെ ഭാഷ ബാലിനീസും, ഇന്തോനേഷ്യനുമാണ്. പക്ഷേ ടൂറിസം മിക്കവരേയും ഇംഗ്ലീഷുപറയാൻ പഠിപ്പിച്ചിരിക്കുന്നു. നമുക്കിടപഴകേണ്ടി വരുന്ന കച്ചവടക്കാരും, റെറ്റോറന്റ് ജീവനക്കാരും, ഡ്രൈവർമാരുമെല്ലാം അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കും. അതുകൊണ്ട് ഭാഷ ഒരു ബുദ്ധിമുട്ടായതേയില്ല. ആംഗലേയസ്വാധീനം നമുക്ക് വൊക്കാബുലറിയിൽ ആണെങ്കിൽ അവർക്കത് ലിപിയിലാണ്. ലാറ്റിൻ ലിപിയിലാണ് ഭൂരിപക്ഷം എഴുത്തുകളും. അതായത് നമ്മുടെ മംഗ്ലീഷ് ശൈലിയിൽ. ബാലിനീസ് വാക്കുകൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ. അതുകൊണ്ട് അർത്ഥം മനസ്സിലായില്ലെങ്കിലും മുഴുവനും വായിക്കാം. മരുന്നുകടകൾ ‘അപ്പോത്തെക്കു’കളാണ്. അപ്പൂപ്പന്റെ ഭാഷയിൽ ‘അപ്പോത്തിക്കിരി’ ഡോക്ടറായിരുന്നുവല്ലോയെന്ന് ഓർത്തു. ഡോക്ടർ ഗിഗി എന്ന പേര് പലയാവർത്തി കണ്ടു. വയാനും പുട്ടുവും പോലെ ഈ പേര് ഇത്ര പോപ്പുലർ ആണോയെന്നും അവരൊക്കെ കൃത്യമായി ഡോക്ടറായതെങ്ങനെയെന്നുമൊക്കെ വിചാരിച്ചുപോയി പെട്ടെന്ന്. പിന്നീട് ഗൂഗിളാണ് സഹായിച്ചത്, ഇന്തോനേഷ്യൻ ഭാഷയിൽ ‘ഗിഗി’ പല്ലാണത്രെ. ഞാൻ കണ്ടതൊക്കെ ദന്താശുപത്രി ബോർഡുകളാണ്.

ബാലിനീസ് അക്ഷരങ്ങൾ

ബാലിനീസ് അക്ഷരങ്ങൾ

കടലിലെ ഓളം പോലെ തുള്ളിത്തുളുമ്പുന്ന രൂപമാണ് ബാലിനീസ് ലിപിയ്ക്ക്. പക്ഷേ ആ ലിപി അപൂർവ്വമായേ കാണാൻ കിട്ടൂ. ക്ഷേത്രത്തിലെ കൊത്തിവെച്ച കല്ലുകളിൽ, സ്ഥലപ്പേരെഴുതിയ ചില ബോർഡുകളിൽ ഒക്കെ കാണുകയുണ്ടായി. ബ്രാഹ്മിലിപിയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതുകൊണ്ട് ബാലിനീസ് അക്ഷരങ്ങൾ ഒന്നു സൂക്ഷിച്ചുനോക്കിയാൽ നമ്മുടെ ലിപിയുമായി താരതമ്യപ്പെടുത്തി വായിക്കാൻ പറ്റുമെന്നൊക്കെ സന്തോഷിന്റെ തിയറി കേട്ടുവെന്നല്ലാതെ എനിക്കതിനു പറ്റിയില്ല. ഒരു ബോർഡൊക്കെ വായിക്കാൻ ശ്രമിച്ച് സന്തോഷ് വയാനെ ഞെട്ടിക്കുകയും ചെയ്തു. വയാന് അതെല്ലാം വായിക്കാനൊന്നും അറിയില്ലെന്നും പറഞ്ഞു. സ്കൂളിൽ ആ ലിപി പഠിപ്പിക്കുന്നുണ്ടെങ്കിലും നിത്യജീവിതത്തിൽ അതുപയോഗിക്കേണ്ടി വരാറില്ലാത്തതുകൊണ്ട് മറന്നുവത്രെ.

 സ്ഥലപ്പേര് ഇംഗ്ലീഷിലും ബാലിനീസിലും

സ്ഥലപ്പേര് ഇംഗ്ലീഷിലും ബാലിനീസിലും

ഇന്ത്യയിൽ നിന്നാണെങ്കിൽ, ഹിന്ദുവാണൊ എന്നൊരു ചോദ്യം ഗൈഡുമാരിൽ നിന്നുമുണ്ടാകും. ആണെങ്കിൽ താനുമതേയെന്ന് പറഞ്ഞ് ആഹ്ലാദം പങ്കുവെയ്ക്കും. ഹിന്ദുസംസ്കാരത്തിന്റെ വേരുകൾ ഇന്ത്യയിൽനിന്നായതുകൊണ്ട് തായ്‌വേരിനോടുള്ള മമതയാണവിടെ കാണുക. സംസ്കൃതം കൂടി അറിയാമെങ്കിൽ ബഹുമാനം കൂടും, ഉറപ്പ്.

ക്ഷേത്രസമുച്ചയങ്ങൾ, ആരാധന, നൃത്തസംഗീതശില്പം

ക്ഷേത്രങ്ങളുടെ സാമീപ്യമില്ലാത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ ബാലിയിൽ കുറവാണ് ഇന്തോനേഷ്യൻ സംസ്കാരത്തിലധിഷ്ഠിതമായ ഹിന്ദുമതമാണ് ഇവിടെ പിന്തുടരുന്നത്. ക്ഷേത്രങ്ങളുടെ പ്രധാന പ്രവേശനകവാടത്തിന് രണ്ടായിപിളർന്ന ഗോപുരത്തിന്റെ രൂപമാണ്. ആരാധാനാലയങ്ങൾക്കുപുറമേ ബാലിനീസ് വാസ്തുകലയുടെ ഈ രീതി പിന്തുടർന്ന് പല സ്ഥാപനങ്ങളും ഇത്തരം കവാടങ്ങൾ പണിതിട്ടുള്ളത് ശ്രദ്ധയിൽ പെടും.

ഉലുവട്ടുവിലെ കെച്ചക് നൃത്തവേദിയിലെ കവാടം

ഉലുവട്ടുവിലെ കെച്ചക് നൃത്തവേദിയിലെ കവാടം

പ്രധാനക്ഷേത്രങ്ങളെല്ലാം വിശാലമായ കോംപൗണ്ടോടുകൂടിയതാണ്. അതിനുള്ളിലുള്ള മതിൽക്കെട്ടിലെ കവാടങ്ങളുടെ മേൽക്കൂര പൂർണ്ണമായ ഗോപുരങ്ങൾ തന്നെയാണ്. ശ്രീകോവിലിനു സമാനമായ പ്രധാന കെട്ടിടത്തിന്റെ പലതട്ടിലുള്ള മേൽക്കൂര പുല്ലുമേഞ്ഞതാണ്. മേരുഗോപുരം എന്നാണിവയെ വിളിക്കുക.

ബട്വാൻ ക്ഷേത്രത്തിലെ മേരുഗോപുരങ്ങൾക്ക് മുന്നിൽ സാരോംഗ് ധരിച്ച്

ബട്വാൻ ക്ഷേത്രത്തിലെ മേരുഗോപുരങ്ങൾക്ക് മുന്നിൽ സാരോംഗ് ധരിച്ച്

തെക്കൻ സമുദ്രതീരത്തുള്ള ഉലുവാട്ടുക്ഷേത്രം ഒരു കുന്നിൻമുകളിലാണ്. അവിടെ സൂര്യാസ്തമയത്തിനു ശേഷം ദിവസേനെ കെച്ചക് നൃത്തം അരങ്ങേറുന്നു. ഈ പരമ്പരാഗതനൃത്തം ഇപ്പോൾ സഞ്ചാരികൾക്കായാണ് ദിവസവും അവതരിപ്പിക്കുന്നത്. കെചക് നൃത്തം ബാലെയ്ക്കു സമാനമായ ഒരു നൃത്തരൂപമാണ്. രാമായണകഥയാണ് ഇതിവൃത്തം. ബാലിനീസ് വേഷവിധാനത്തിൽ സീതയും രാമനും രാവണനും ഒക്കെ അരങ്ങിലെത്തും. ഹനുമാൻ വാനരരൂപത്തിൽ കാണികൾക്കിടയിലിറങ്ങി ഗോഷ്ഠികളുമായി ചിരിപടർത്തും. ഉലുവാട്ടു ക്ഷേത്രപരിസരത്ത് ധാരാളം കുരങ്ങന്മാരെ കാണാം. അവതരണത്തിനിടയ്ക്ക് അവയൊക്കെ ഗാലറിയിൽ വന്നുംപോയുമിരിക്കുന്നുണ്ടായിരുന്നു.

കെച്ചക് നൃത്തത്തിനായുള്ള കാത്തിരിപ്പ് - ഉലുവാട്ടു

കെച്ചക് നൃത്തത്തിനായുള്ള കാത്തിരിപ്പ് - ഉലുവാട്ടു

തനാലോട്ട് കുറച്ചുകൂടി പടിഞ്ഞാറോട്ട് മാറിയുള്ള കടലോരത്തെ പാറക്കെട്ടാണ്. കടലിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു ഉയർന്നപാറയ്ക്കുമേലാണ് തനാലോട്ട് ക്ഷേത്രം. അങ്ങോട്ടുള്ള വഴി വേലിയേറ്റസമയത്ത് കടൽ മൂടും. അല്ലെങ്കിൽ ക്ഷേത്രം വരെ നടന്നുപോകാവുന്നതാണ്. തുടർച്ചയായി തിരയടിച്ച് പാറക്കെട്ടിലുണ്ടായ അടയാളങ്ങൾ മനോഹരമാണ്. തനാലോട്ടിലെ സൂര്യാസ്തമയം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കുണ്ടാകും.

 വേലിയിറക്കസമയത്ത് തനാലോട്ട് ക്ഷേത്രത്തിലേയ്ക്ക് സഞ്ചാരികൾ നടന്നുപോകുന്നു

വേലിയിറക്കസമയത്ത് തനാലോട്ട് ക്ഷേത്രത്തിലേയ്ക്ക് സഞ്ചാരികൾ നടന്നുപോകുന്നു

തനാലോട്ടിലെ സൂര്യാസ്തമയം

തനാലോട്ടിലെ സൂര്യാസ്തമയം

എല്ലായിടത്തും പ്രവേശനഫീസും ടിക്കറ്റും വെച്ചാണ് കടത്തിവിടുന്നത്. കോംപൗണ്ടിലേയ്ക്കലാതെ ആരാധനാസ്ഥാനത്തേയ്ക്ക് ടൂറിസ്റ്റുകൾക്ക് പ്രവേശനവുമില്ല. ക്ഷേത്രങ്ങളുടെ പരിസരത്തേക്കു കടക്കുമ്പോൾ പരമ്പരാഗത ബാലിനീസ് വേഷമായ സരോംഗ് ധരിക്കാൻ നൽകും. പോരുമ്പോൾ അതു തിരികെ കൊടുക്കണം. ഇതത്ര നിർബന്ധമൊന്നും ഉള്ളതായി തോന്നിയില്ല. സഞ്ചാരികളുടെ ഒരു സന്തോഷത്തിന് തരുന്നതാണെന്നു തോന്നി. ഗൈഡുകളൊന്നും പൊതുവേ സരോംഗ് ധരിക്കാറില്ല. ക്ഷേത്രങ്ങളിലൊന്നും നിത്യപൂജ ഉണ്ടാവാറില്ല. വിശേഷദിവസങ്ങളിൽ മാത്രമാണ് ക്ഷേത്രങ്ങളിലെ ചടങ്ങുകളൊക്കെ. പക്ഷേ നിത്യേനയുള്ള ചെറിയ ആരാധന എല്ലായിടത്തും ഉണ്ടാകും. കടകളിലും വീടുകളിലും മ്യൂസിയങ്ങളിലുമൊക്കെ. കുരുത്തോല കൊണ്ടുമെടഞ്ഞ ഒരു ചെറിയ മുറത്തിൽ പൂജാപുഷ്പങ്ങളും ബിസ്ക്കറ്റുമൊക്കെയായി ഇതെല്ലായിടത്തും കാണാം. ഡൊമിനോസ് പിസ്സയുടെ മുന്നിൽ പോലും കണ്ടു.

പൂജാപാത്രം. നടപ്പാതയിലെ കാഴ്ച

പൂജാപാത്രം. നടപ്പാതയിലെ കാഴ്ച

ക്ഷേത്രത്തിലെ ദ്വാരപാലകശില്പങ്ങൾക്കുസമാനമായ രൂപങ്ങൾ കടകൾക്കുമുന്നിലും റെസ്റ്റോറന്റുകളിലുമൊക്കെയുണ്ട്. ഇതൊക്കെ അലങ്കാരശില്പങ്ങളാണെന്നും ദൈവികമാണെങ്കിൽ വസ്ത്രമുണ്ടാകുമെന്നും വയാൻ പറഞ്ഞു തന്നു. കറപ്പും വെളുപ്പും കള്ളികളുള്ള വസ്ത്രമുടുപ്പിച്ച രൂപങ്ങൾ പിന്നെ ശ്രദ്ധിച്ചുതുടങ്ങി. പല മരങ്ങൾക്കും അതുണ്ടെന്നു കണ്ടു. അതില്ലാത്ത ഗണേശരൂപങ്ങളേയും കണ്ടു.

വസ്ത്രം ധരിച്ച ദ്വാരപാലക രൂപം

വസ്ത്രം ധരിച്ച ദ്വാരപാലക രൂപം

ചെമ്പരത്തിപ്പൂവ് ചൂടിയ ഗണേശപ്രതിമ

ചെമ്പരത്തിപ്പൂവ് ചൂടിയ ഗണേശപ്രതിമ

ഈഴച്ചമ്പകമെന്നു നമ്മുടെ നാടിലറിയപ്പെടുന്ന പൂവാണ് പ്രധാനപൂജാപുഷ്പം. കംബോജിയപ്പൂക്കളെന്നാണ് അവർ വിളിയ്ക്കുക. അലങ്കാരത്തിനും ഇതു തന്നെ പ്രാധാനയിനം - മേശപ്പുറത്താണെങ്കിലും കേശഭാരത്തിലാണെങ്കിലും. ഈ ചെറുമരം കാണാത്തയൊരിടവും ഉണ്ടാകില്ല ബാലിയിൽ. ചുവന്ന ചെമ്പരത്തിയും ഇതിനു സമാനമായ പ്രാധാന്യത്തോടെ ഉപയോഗിച്ചുവരുന്നു. പക്ഷേ പെട്ടെന്നു വാടുന്നതു കൊണ്ട് അലങ്കാരപുഷ്പമാകാൻ ഇതിനു പറ്റില്ലല്ലോ.

 കംബോജിയപുഷ്പം അലങ്കാരമായി മേശമേല്‍

കംബോജിയപുഷ്പം അലങ്കാരമായി മേശമേല്‍

 കംബോജിയപ്പൂമരം‍

കംബോജിയപ്പൂമരം‍

രുചിഭേദങ്ങൾ

അരിഭക്ഷണം കഴിയ്ക്കുന്നവരാണ് ബാലിക്കാർ, പൊതുവിൽ ഇന്തോനേഷ്യക്കാർ. മാംസവിഭവങ്ങൾ അവർക്കൊഴിച്ചുകൂടാനാവില്ല. കോഴി, താറാവ്, പോത്ത്, പന്നി ഒക്കെ അവരുടെ മെനുവിൽ ഉണ്ട്. കടൽവിഭവങ്ങളുടെ കലവറയാണ് ബീച്ച് റെസ്റ്റോറന്റുകൾ. ഭക്ഷണത്തിൽ പരീക്ഷണങ്ങൾക്ക് മുതിരാറില്ലാത്തവരായിരുന്നു ഞങ്ങൾ. പക്ഷേ ഇത്തവണ കുറച്ച് രുചിയനുഭവങ്ങൾ സ്വന്തമാക്കാമെന്ന് കരുതി. മലേഷ്യൻ ട്രാൻസിറ്റിനിടയിൽ വെച്ചാണ് നാസി ലെമക്ക് പരീക്ഷിച്ചത്. ഇതു മലേഷ്യയുടെ ദേശീയ വിഭവമാണ്. തേങ്ങാപ്പലിൽ വെന്ത ചോറിനൊപ്പം എരിവും മധുരവും ചേർന്ന സംബാൾ (മുളകുപേസ്റ്റ്), വറുത്തകടല, ഒരു കഷണം വെള്ളരിക്ക, ചെറിയമീൻ വറുത്തത്, പുഴുങ്ങിയ മുട്ട ഇതൊക്കെ ചേർന്ന സമീകൃതാഹാരമാണ് നാസി ലെമെക്. ഒപ്പം കോഴി, ആട്, താറാവ് ഇതിലേതെങ്കിലും കറിയായോ ഫ്രൈ ആയോ ഉണ്ടാകും.

 നാസി ലെമെക്കും നോന്യ ചിക്കന്‍ കറിയും

നാസി ലെമെക്കും നോന്യ ചിക്കന്‍ കറിയും

ന്യോന്യ ചിക്കൻ കറി മറ്റൊരു മലേഷ്യൻ വിഭവമാണ്. നമ്മുടെ തേങ്ങാപ്പാല് ചേർത്ത ചിക്കൻ കറിയ്ക്ക് വളരെ സമാനമായ സ്വാദാണ് ഇതിന്, ചെറിയ മധുരമുണ്ടാകുമെന്ന് മാത്രം. സുഗന്ധവ്യഞ്ജനക്കൂട്ടിലെ പ്രാദേശികഭേദം കൊണ്ടുള്ള വ്യത്യാസം അറിയാനുണ്ട്. ബ്രെഡിനോ ചോറിനോ ഒപ്പം കഴിയ്ക്കാം. നാസി കാംപുർ ഒരു ഇന്തോനേഷ്യൻ വിഭവമാണ്. അല്ലെങ്കിൽ ഒരുകൂട്ടം വിഭവങ്ങളാണ് എന്നു പറയുന്നതാണ് കൂടുതൽ ശരി. ചോറിനൊപ്പം മാംസ-മാംസേതര വിഭവങ്ങളടങ്ങിയ ഒരു കൂട്ട്. നാസിലെമെക്കിന് സമാനമാണിത്.

നാസി ഗൊരെങ്ങ് -ഇത് ഇന്തോനേഷ്യൻ ഫ്രൈഡ് റൈസ് ആണ്. പച്ചക്കറികളും മാംസവിഭവങ്ങളും ഒപ്പമുണ്ടാകും. ഞങ്ങൾക്ക് കോലിൽകുത്തി ചുട്ടെടുത്ത ചിക്കൻ പീസുകൾ പീനട്ട് സോസിനൊപ്പം വിളമ്പിക്കിട്ടി. സേറ്റ് അയാം എന്നിതിനെ വിളിയ്ക്കും.

 നാസി ഗൊരെങ്ങ്. ഒപ്പം ക്രിസ്പി ഡക്ക്

നാസി ഗൊരെങ്ങ്. ഒപ്പം ക്രിസ്പി ഡക്ക്

തെരിയാക്കി ചിക്കൻ - സോയസോസ്, ഓറഞ്ച് ജ്യൂസ്, തേൻ, ഇഞ്ചി ഇവയിൽ മാരിനേറ്റ് ചെയ്തെടുക്കുന്ന ചിക്കൻ വെണ്ണയിൽ വറുത്തെടുത്തതാണിത്. മധുരവും എരിവും ചേർന്നൊരു രസമുള്ള സ്വാദ്.

  തെരിയാക്കി ചിക്കന്‍

തെരിയാക്കി ചിക്കന്‍

മാംസവിഭവങ്ങൾ ഏത് ഓർഡർ ചെയ്താലും കൂടെ ചോറുമുണ്ടാകും. കോണാകൃതിയിലോ വൃത്താകൃതിയിലോ കമിഴ്ത്തിയത്. KFCയിൽ നിന്നുപോലും അങ്ങനെയാണ് കിട്ടുക. കടൽവിഭവങ്ങൾ പരീക്ഷിച്ചത് ജിംബാരനിൽ നിന്നുമാണ്. പിടയ്ക്കുന്ന കടൽജീവികളെ നമുക്കു കാണാം. ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതു് എടുത്തു പാകം ചെയ്തു തരും. പക്ഷേ ഓരോന്നും എത്രവീതം തൂക്കിയെടുക്കണെമെന്നതിനെക്കുറിച്ചൊരു രൂപവും കിട്ടാത്തതിനാൽ ഞങ്ങൾ സെറ്റ് ചെയ്ത കപ്പിൾ മെനു ഒന്നെടുത്തു. കല്ലുമ്മക്കായയും, ചെമ്മീനും, വലിയ കടൽമത്സ്യവും, കലമാരിയും (വറുത്ത കണവ) ചേർന്നതായിരുന്നു മെനു. ഒപ്പം മുന്നിലെ കടൽപ്പരപ്പ്, കാറ്റ്, സംഗീതം, നൃത്തം. ആ വേറിട്ട അനുഭവത്തിനു പക്ഷേ ഇരുപതുശതമാനം ടാക്സടക്കം വലിയ വിലകൊടുക്കേണ്ടി വന്നു.

   ജിംബാരനിലെ കടല്‍വിഭവങ്ങള്‍

ജിംബാരനിലെ കടല്‍വിഭവങ്ങള്‍

മാംസവിഭവങ്ങളിൽ നിന്നും ഒഴിവെടുത്ത ദിവസം കഴിച്ചത് ഗാർളിക് കസ്സാവ ആയിരുന്നു, വെളുത്തുള്ളി പുരട്ടി ചുട്ടെടുത്ത കപ്പ.

ചുട്ടെടുത്ത കപ്പ

ചുട്ടെടുത്ത കപ്പ

ഇന്തോനേഷ്യയുടെ തനതു റെസ്റ്റോറന്റുകളെ (നമ്മുടെ നാട്ടിലെ തട്ടുകട/ചായക്കട സെറ്റപ്പ്) വാറുംഗ് എന്നാണ് പറയുക. കുട്ട പോലെയുള്ള ടൂറിസ്റ്റി ഇടങ്ങളില്‍ പക്ഷേ വാറുംഗുകള്‍ സഞ്ചാരികളുടെ ഇഷ്ടത്തിനനുസരിച്ച് രൂപം മാറിക്കഴിഞ്ഞിരിക്കുന്നു - പല ബ്രാന്‍ഡഡ് വാറുംഗുകള്‍ വരെ ഇപ്പോഴവിടെ ഉണ്ട്. എയര്‍പ്പോര്‍ട്ടില്‍ അവയുടെ ബ്രാഞ്ചുകളും കണ്ടു.

എയര്‍പോര്‍ട്ടിലെ വാറുംഗ്

എയര്‍പോര്‍ട്ടിലെ വാറുംഗ്

ബാലി എന്ന അനുഭവം

സഞ്ചാരികളുടെ താത്പര്യമെന്തായാലും അതിനുപറ്റിയ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ മാത്രം സമ്പന്നമാണ് ബാലി. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിവായിട്ടൊരുദിവസം ചെലവഴിക്കാന്‍ സഞ്ചാരികള്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഉബുദ്. ഉബുദിലേയ്ക്കുള്ള യാത്രാമദ്ധ്യേയാണ് തടികൊണ്ടും ലോഹം കൊണ്ടുമുള്ള ആഭരണ കരകൗശല നിര്‍മ്മാണശാലകള്‍. മിക്കതും വീടുകളോടു ചേര്‍ന്നു തന്നെ. നിര്‍മ്മാണം കാണാം, സാമാനങ്ങള്‍ വാങ്ങുകയുമാകാം. സഞ്ചാരികള്‍ക്ക് പണികളില്‍ കൂടുകയുമാകാം. പക്ഷേ ഞങ്ങള്‍ അക്കാഴ്ചകള്‍ക്കായി നിന്നില്ല.

തട്ടുനെല്‍ക്കൃഷി്

തട്ടുനെല്‍ക്കൃഷി്

നെല്‍ക്കൃഷിയ്ക്കു പറ്റിയ ഫലപുഷ്ടമായ മണ്ണാണിവിടെ. കുന്നിന്‍ചെരിവിലെ നിലം തട്ടുതട്ടായി തിരിച്ചിട്ടുള്ള നെല്‍പ്പാടങ്ങള്‍ കാണാന്‍ വലിയ തിരക്കാണ്. ഏറ്റവും മുകള്‍ത്തട്ടില്‍ നിന്നും ജലസേചനത്തിനുള്ള വെള്ളം പലതട്ടുകളിലൂടെ ഒഴുകി ഒടുവില്‍ താഴെയെത്തും. സഞ്ചാരികള്‍ക്കായി നടപ്പാതയൊരുക്കിയിട്ടാണ് കൃഷിഭൂമി. ഇടയ്ക്കുള്ള വീടുകളൊക്കെ മുറ്റത്ത് ലഘുഭക്ഷണവിതരണമൊക്കെ നടത്തി വരുമാനമുണ്ടാക്കുന്നു. സെല്യൂക്കിലെ ഈ നെല്‍പ്പാടങ്ങള്‍ക്കു ചുറ്റിലും ഉബുദിലെ ആര്‍ട്ട് മാര്‍ക്കറ്റിന്റെ തുടര്‍ച്ചയായുള്ള വില്പനശാലകളുണ്ട്. ഉബുദില്‍ തന്നെയാണ് പ്രശസ്തമായ മങ്കിഫോറസ്റ്റ്. നമ്മുടെ കണക്കില്‍ അത്ര നിബിഡവനമൊന്നുമല്ല. പക്ഷേ പാശ്ചാത്യസഞ്ചാരികള്‍ക്ക് സംബന്ധിച്ച് ട്രോപ്പിക്കല്‍ കാലാവസ്ഥയിലെ മരങ്ങളും ചെടികളുമൊക്കെ പുതുമയുള്ള കാഴ്ച തന്നെയാണല്ലോ. നേന്ത്രപ്പഴമൊക്കെ കൈയ്യിലുണ്ടെങ്കില്‍ തോളത്തുചാടിക്കയറുന്ന വലിയൊരു വാനരപ്പട തന്നെയുണ്ടവിടെ. സൂക്ഷിച്ചില്ലെങ്കില്‍ തൊപ്പിയും കൂളിംഗ്‌ഗ്ലാസ്സുമൊക്കെ അവര്‍ തട്ടിയെടുക്കുമെന്ന് വയാന്‍ സൂചന തന്നിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. ഒരു കാട്ടരുവി, അടഞ്ഞുകിടക്കുന്ന ഒരു അമ്പലം, ചെറിയൊരു ബറിയല്‍ഗ്രൗണ്ട്, മരപ്പാലം ഇതിലൂടെയൊക്കെ നടന്ന് പുറത്തെത്തുവാന്‍ അധികം സമയമൊന്നും എടുത്തില്ല.

മങ്കി ഫോറസ്റ്റ്

മങ്കി ഫോറസ്റ്റ്

തിരികെ വരുന്ന വഴിയാണ് ടൂര്‍പക്കേജിലില്ലാതിരുന്ന ഗുവാഗജാ കാണാന്‍ പോയത്. ഗജഗുഹയെന്ന് നമുക്ക് വിവര്‍ത്തനം ചെയ്യാം. ആനമുഖംകൊത്തിയ ഗുഹാകാവടത്തിനുള്ളിലേയ്ക്ക് നമുക്ക് നടന്നു പോകാം. ഉള്ളില്‍ ഗണേശവിഗ്രഹമൊക്കെ കണ്ടു. ചെറിയൊരുവെള്ളച്ചാട്ടവും താമരപ്പൊയ്കയും സമീപത്തുണ്ടായിരുന്നു.

ഗജഗുഹാകവാടത്തിനുമുന്നില്‍ ടൂറിസ്റ്റുകള്‍

ഗജഗുഹാകവാടത്തിനുമുന്നില്‍ ടൂറിസ്റ്റുകള്‍

ശലഭോദ്യാനത്തില്‍കൂടി പോകാമെന്നു വയാന്‍ പറഞ്ഞെങ്കിലും അപ്പോഴേയ്ക്കും ക്ഷീണിച്ചിരുന്നു. അതുകൊണ്ട് നേരെ ഹോട്ടലിലേയ്ക്ക് മടങ്ങി. രാവിലെ എട്ടരയ്ക്ക് തുടങ്ങിയ യാത്ര വൈകിട്ട് ആറരയോടെ അവസാനിച്ചു. ചെറിയറോഡുകളും അതിലൂടെ നിറയെ ടൂറിസ്റ്റ് വാഹനങ്ങളും കൂടിയാകുമ്പോള്‍ ട്രാഫിക്‌ബ്ലോക്ക് ഇവിടെ പതിവാണ്. കുട്ടയിലെ ബീച്ചിലേയ്ക്കുള്ള വഴി നിറയെ തെരുവുകച്ചവടക്കാരാണ്. കുട്ടയിലും ഉബുദിലും മറ്റു ടൂറിസ്റ്റ് സ്പോട്ടിലൊക്കെ കാണുന്ന വില്പനസാമഗ്രികളൊക്കെ ഒന്നുതന്നെയാണ്. വിലകളൊക്കെ പേശുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും സമാന്യം ലാഭകരമായ വിലകളില്‍ സഞ്ചാരികള്‍ക്കാവശ്യമായ വസ്ത്രങ്ങളും ബാഗുകളും ഒക്കെ കിട്ടും.

ഉബുദിലെ ആര്‍ട്ട് മാര്‍ക്കറ്റില്‍ നിന്ന്

ഉബുദിലെ ആര്‍ട്ട് മാര്‍ക്കറ്റില്‍ നിന്ന്

ഞങ്ങള്‍ തങ്ങിയ ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളില്‍ വെച്ചായിരുന്നു ജീവിതത്തിലാദ്യത്തെ പൂളനുഭവം. തോട്ടിലോ പുഴയിലോ പോലും കുളിച്ചു ശീലമില്ലാത്തതാണ്. നീന്തലൊട്ടറിയുകയുമില്ല. എങ്കിലും മടിച്ചില്ല. ചുറ്റിലും വെയില്‍കായാന്‍ കിടക്കുന്നവരും വെള്ളത്തില്‍ നീന്തുന്നവരും ഒന്നും നമ്മളെ ശ്രദ്ധിക്കുന്നില്ല എന്നതാണ് ധൈര്യമായത്. പിന്നെയുള്ള രണ്ടുദിവസം ഉച്ചവരെ പൂളില്‍ തന്നെയായിരുന്നു. നീന്തി മുന്നോട്ട് നീങ്ങാന്‍ നല്ല ആയാസം തോന്നിയെങ്കിലും പൊങ്ങിക്കിടക്കാന്‍ പഠിച്ചു. ടീഷര്‍ട്ടിനുപകരം സ്വിംസ്യൂട്ടിലേയ്ക്ക് മാറാനുള്ള ധൈര്യം കണ്ടെത്തണം അടുത്ത അവസരം വരുമ്പോള്‍.

 സ്വിമ്മിങ്ങ് പൂൾ

സ്വിമ്മിങ്ങ് പൂൾ

മസ്സാജ് പാര്‍ലറുകളുടെ ബോര്‍ഡുകള്‍ എല്ലായിടത്തും കാണാം. ബാലിനീസ് മസ്സാജിങ്ങ് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഫുള്‍ ബോഡി മസ്സാജിങ്ങ്, ഹെഡ് & ഫേസ് മസ്സാജിങ്ങ് ഒപ്പം മാനിക്യൂര്‍, പെഡിക്യൂര്‍, ഫിഷ് സ്പാ തുടങ്ങിയ സൗന്ദര്യസംരക്ഷണപരിപാടികളൊക്കെ ഇത്തരം പാര്‍ലറുകളില്‍ ലഭ്യമാണ്. ഒരു ബാലിനീസ് മസ്സാജിങ്ങ് പരീക്ഷിക്കാന്‍ ഞങ്ങള്‍ മടിച്ചില്ല. നീന്തലിന്റെ ക്ഷീണമൊക്കെ മസ്സാജില്‍ തീരട്ടെയെന്നു കരുതി. പകലൊക്കെ നല്ല വെയിലും ചൂടുമുണ്ടാകും. അതുകൊണ്ട് ഒരു പകല്‍ പുറത്തുള്ള കറക്കംഒഴിവാക്കി കുട്ടയില്‍ തന്നെയുള്ള ഡ്രീം മ്യൂസിയത്തില്‍ ചെലവഴിച്ചു. അതൊരു രസകരമായ അനുഭവമായിരുന്നു. ചുമരും തറയുമൊക്കെ കാന്‍വാസാക്കി ഒരുകൂട്ടം ചിത്രകാരന്മാര്‍ അണിയിച്ചൊരുക്കിയത്. ഫോട്ടോയെടുക്കുമ്പോള്‍ നമ്മളുംകൂടിച്ചേര്‍ന്ന് ത്രിമാനചിത്രങ്ങള്‍ രൂപപ്പെടും. ഫോട്ടോയ്ക്ക് പോസുചെയ്യിക്കാനും നമ്മുടെ ക്യാമറയില്‍ ചിത്രങ്ങളെടുത്തുതരാനുമായി അവിടെ ജീവനക്കാരുണ്ട്.

ഡ്രീം മ്യൂസിയം

ഡ്രീം മ്യൂസിയം

ബാക്കിവെച്ചത്

അഗ്നിപര്‍വ്വതനിരകളിലെ ട്രെക്കിങ്ങ് ഒഴിവാക്കാനാവാത്ത ഒരു ബാലിനീസ് അനുഭവമാണെന്ന് വായിച്ചറിഞ്ഞിരുന്നു. കിണ്ടാമണിയിലെ ബാത്തൂര്‍ പര്‍വ്വതനിരയിലാണ് പ്രധാനമായും അതിനവസരമുള്ളത്. ഉബുദിലേയ്ക്കുള്ള യാത്രയുടെ ഇരട്ടിയോളം ദൂരം വരുമിത്. ഒരു മുഴുവന്‍ ദിവസവും ഇതിനായി മാറ്റിവെയ്ക്കേണ്ടതുണ്ട്. അതിനു പറ്റിയില്ല. സ്കൂബാഡൈവിങ്ങ്, സ്നോര്‍ക്കേലിങ്ങ്, സ്പീഡ്ബോട്ടിങ്ങ്, സര്‍ഫിങ്ങ് തുടങ്ങിയ കടല്‍വിനോദങ്ങള്‍ക്കു പേരുകേട്ട ബാലിയില്‍ പോയിട്ടും ഇതൊന്നും പരീക്ഷിച്ചില്ല. ധൈര്യം വരാത്തതുകൊണ്ടാണ്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരുകൈ നോക്കാമായിരുന്നെന്നു തോന്നുന്നു. സാരമില്ല, ബാക്കിവെച്ച ആഗ്രഹങ്ങളാണല്ലോ മുന്നോട്ടുനീങ്ങാനുള്ള പ്രേരണ. അവസരങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് കരുതുന്നു.

comments powered by Disqus