സാങ്കേതികവിദ്യാഭ്യാസം : പരീക്ഷകളിങ്ങനെ മതിയോ?

/img/exams/cover.png

കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്ററുകളിലെ പരീക്ഷകള്‍ ഒരുപാട് കോലാഹലങ്ങള്‍ക്കു ശേഷം തുടങ്ങിക്കഴിഞ്ഞു. മൂല്യനിര്‍ണ്ണയശാലകളും സജീവമായിരിക്കുന്നു. ചോദ്യപ്പേപ്പറുകളും അവയുടെ നിലവാരവും മൂല്യനിര്‍ണ്ണയരീതിയും ഒക്കെയാണ് ഞങ്ങള്‍ അദ്ധ്യാപകര്‍ക്കിടയിലിപ്പോള്‍ ചൂടുള്ള ചര്‍ച്ച. ‘പോര്‍ഷന്‍ തീര്‍ത്താല്‍’ തീരുന്ന പണിയേ തനിക്കുളുവെന്നു കരുതിയിരുന്നവരായിരുന്നു മിക്കവരും. “ഒക്കെ ഞാന്‍ പഠിപ്പിച്ചതാ, അവര് പഠിച്ചിരുന്നെങ്കില്‍ ജയിച്ചേനെ” അല്ലെങ്കില്‍ “നമ്മളെയൊക്കെ ക്ലാസ്സില്‍ പഠിപ്പിച്ചിട്ടാണോ, കാര്യങ്ങളൊക്കെ തനിയേ കണ്ടുപിടിച്ചു പഠിക്കാനുള്ള മടികൊണ്ടാ ഇപ്പോഴത്തെ കുട്ടികളൊക്കെ പരീക്ഷയില്‍ തോല്‍ക്കുന്നേ” എന്നുമൊക്കെയുള്ള മാസ്സ് ഡയലോഗടിയ്ക്കാന്‍ അദ്ധ്യാപകർക്കൊന്നും പണ്ടത്തെയെന്നപോലെ ഇപ്പോഴും ഒരു മടിയുമില്ല. വ്യക്തിപരമായ നിരീക്ഷണങ്ങള്‍ നിന്നുള്ള സാമാന്യവല്‍ക്കരണത്തില്‍ തെറ്റുകളുണ്ടന്നു തോന്നിയാല്‍ ചൂണ്ടിക്കാണിക്കുക, തിരുത്താം 😀😊

തനിയ്ക്ക് ആഴത്തില്‍ ബോധ്യമുള്ള ഒരു കാര്യം മാത്രമേ മറ്റൊരാള്‍ക്കു ബോധിയ്ക്കും വിധം പറഞ്ഞു കൊടുക്കാന്‍ ആര്‍ക്കായാലും പറ്റൂ. അവര്‍ക്കേ ക്ലാസ്സ്മുറിയില്‍ പഠിതാവില്‍ നിന്നും തിരിച്ചു ചോദ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ ആഴത്തിലേയ്ക്കിറങ്ങി പാഠഭാഗം ഇനിയും ആസ്വാദ്യകരമാക്കുവാന്‍ സാധിക്കൂ, ചുറ്റുമുള്ളലോകത്തെ അതിലേയ്ക്ക് ബന്ധിപ്പിയ്ക്കുവാനാകൂ. അങ്ങനെയൊരു ക്ലാസ്സിലിരുന്ന വിദ്യാര്‍ത്ഥിക്കേ അതുനുമപ്പുറമെന്തുണ്ടെന്ന് ക്ലാസ്സിനു പുറത്തന്വേഷിക്കുവാന്‍ സാധിക്കൂ. അപ്പൊഴേ പഠിച്ചതുകൊണ്ടു തന്റെ പരിസരത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം ചര്‍ച്ച ചെയ്യാനും പ്രാവര്‍ത്തികമാക്കാനും ഉള്ള ശ്രമങ്ങളൊകെ ഉണ്ടാകൂ. ഇതൊക്കെ സാധിച്ചില്ലെങ്കില്‍ ഒരു സാങ്കേതിക കലാലയം കൊണ്ട് എന്താണ് പ്രയോജനം?

ഇനി ഇങ്ങനെയൊക്കെയൊരു ആദര്‍ശാത്മക ക്ലാസ്സ്മുറി കേരളത്തില്‍ ഉണ്ടെങ്കില്‍ തന്നെ അവിടെയുള്ള ‘മിടുക്കരായ’ വിദ്യാര്‍ത്ഥികളെ അമ്പേ പരാജയപ്പെടുത്തുന്ന മട്ടിലായിരുന്നു ഞാന്‍ കണ്ടിടത്തോളം* ചോദ്യപ്പേപ്പറുകളും മൂല്യനിര്‍ണ്ണയവുമൊക്കെ. സിലബസ് എന്നു പറയുന്നത് പലപ്പോഴും ഒരു സൂചന മാത്രമാണ്. അതിനെ വ്യാഖ്യാനിച്ച് ക്ലാസ്സ്പഠനത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നത് അതത് വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ വിവേചനാധികാരത്തില്‍ പെടുന്നതാണ്. പാഠഭാഗത്തേക്കുറിച്ചു വ്യക്തമായ ധാരണ അദ്ധ്യാപകര്‍ക്കില്ലെങ്കില്‍ ഇതിനെ സ്വാധീനിക്കുന്നത് മുന്‍കാലങ്ങളിലെ ചോദ്യപ്പേപ്പറുകളുമായിരിയ്ക്കും. അദ്ധ്യാപരെത്ര മിടുക്കരായാലും അവര്‍ പഠിപ്പിച്ചതു കൊണ്ട് പരീക്ഷയില്‍ മാര്‍ക്കു കിട്ടുന്നില്ലെങ്കില്‍ ആ അദ്ധ്യാപനത്തിന് ഇവിടെ ആരും വില കൊടുക്കുകയുമില്ലല്ലോ!! അപ്പോള്‍ പരീക്ഷാ ചോദ്യത്തിന് ഉത്തരമെഴുതാന്‍ പാകത്തിലാവണം അദ്ധ്യാപനം എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ മാറുകയും ചെയ്യും. അതു തന്നെയാണ് സംഭവിച്ചിട്ടുള്ളതും.

ചോദ്യപ്പേപ്പറുകളാകട്ടേ സിലബസിലെ ഏതെങ്കിലുമൊക്കെ വാക്കുകള്‍ ചേര്‍ത്തെഴുതിയിട്ട് ‘വിശദീകരിക്കുക’, ‘നിര്‍വ്വചിക്കുക’ എന്നൊക്കെയാണെങ്കിലെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഉദാഹരണത്തിനു്, “ജൈവലോകം - വിശദീകരിയ്ക്കുക” എന്നൊരു ചോദ്യമുണ്ടെങ്കില്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ സ്കോപ്പ് എത്രയോ വലുതാണ്. ജൈവലോകത്തെ പരസ്പരബന്ധവും ആഹാരശൃംഖലയും അതിലെ കണ്ണികള്‍ മുറിഞ്ഞാല്‍ എന്തുണ്ടാവുമെന്നും അതില്‍ പരിണാമത്തിന്റെ പങ്കും ഒക്കെ അറിയാവുന്നയാള്‍ അതൊക്കെ വിശദമാക്കിയാല്‍ ഒരു പുസ്തകത്തിനുള്ള വകുപ്പുണ്ട്. ആ ചോദ്യത്തിന്റെ ഉത്തരത്തിലെന്തൊക്കെ ഉള്‍ക്കൊള്ളിക്കണമെന്ന് ചോദ്യകര്‍ത്താവിന് യാതൊരു ധാരണയുമില്ലായെന്നു തോന്നും വിധമുള്ള ഒരു സ്കോറാകും അതിനുണ്ടാവുക. പ്രതീക്ഷിക്കപ്പെടുന്ന ഉത്തരത്തിന്റെ ആഴവും പരപ്പുമായി യാതൊരു ബന്ധവുമുണ്ടാവില്ല ആ ചോദ്യത്തിന്റെ സ്കോറിന്. ‘ജൈവലോകത്തേക്കുറിച്ച് വിശദീകരിച്ചാല്‍ അഞ്ചു മാര്‍ക്കു നല്‍ക്കുക’ എന്ന മട്ടിലൊരു ഉത്തര സൂചികയും കൂടിയായാല്‍ കാര്യങ്ങള്‍ കൈവിട്ട്പോകാന്‍പിന്നെയൊന്നും വേണ്ട . പിന്നെ മൂല്യ നിര്‍ണ്ണയം തോന്നുംപടിയാകും. എന്തെഴുതിയാലും മാര്‍ക്കു കൊടുക്കാത്തവരും എന്തെങ്കിലുമൊക്കെ എഴുതിയാല്‍ മാര്‍ക്കു കൊടുക്കുന്നവരും മൂല്യനിര്‍ണ്ണയത്തിനുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ ക്ലാസ്സ് മുറിയില്‍ ആര്‍ജ്ജിക്കേണ്ട നൈപുണികളും പരീക്ഷയും മൂല്യനിര്‍ണ്ണയവും പരസ്പരബന്ധമില്ലാതെ നിലകൊള്ളുന്ന കാഴ്ചയാണ് നടന്നുകൊണ്ടിരുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് വിശകലനശേഷി ഉപയോഗിക്കേണ്ടുന്ന ചോദ്യങ്ങളാവും കാര്യകാരണബന്ധങ്ങള്‍ കൃത്യമായി മനസ്സിലുറച്ചോ എന്ന് പരീക്ഷിച്ചറിയാന്‍ വേണ്ടത്. ഇത്തരം ചോദ്യങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ എഞ്ചിനീയറിങ്ങ് പഠനകാലത്തും അദ്ധ്യാപന കാലത്തും കണ്ടിട്ടുള്ളൂ. കൂട്ടത്തില്‍ പറയട്ടേ, സ്കൂള്‍ തലം വരെ അതിസൂക്ഷ്മമായി അപഗ്രഥന ശേഷി അളക്കുന്ന ചോദ്യങ്ങള്‍ ധാരാളമായി കണ്ടു ശീലിച്ച് പ്രവേശനപ്പരീക്ഷയൊക്കെ കടന്നു വരുന്ന വിദ്യാര്‍ത്ഥികളോടാണിമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കുന്നത്. (പ്രവേശനപ്പരീക്ഷയുടെ കടമ്പയൊക്കെ കേരളത്തിലെ സ്വാശ്രയ എഞ്ചിനീയറിങ്ങ് രംഗത്തൊരു വിഷയമാണോ എന്നതിലേയ്ക്ക് ഇപ്പോള്‍ കടക്കുന്നില്ല)

ഒരു സാങ്കല്പിക ചോദ്യമാണ് മുകളിൽ സൂചിപ്പിച്ചത്. പക്ഷേ യാഥാർത്ഥ്യം ഇതിനേക്കാൾ കഷ്ടമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ‘Information Theory and Coding’ എന്ന വിഷയത്തിന്റെ ചോദ്യപ്പേപ്പറിൽ നിന്നാണ് ഈ ചിത്രം.

/img/exams/itc.jpg

സിലബസിൽ നിന്നുള്ള കുറച്ചു വാക്കുകളും ഒപ്പം Explain എന്നൊരു കൂട്ടിച്ചേർപ്പും. ഏതാണ്ട് നൂറോളം പേജുകളിലായിട്ടേ ഇതൊക്കെ ശരിയ്ക്ക് വിവരിക്കാനാവൂ. ഗണിതപരമായി വളരെ മനോഹരമായ ഒരു വിഷയത്തോടാണ് ഇതു ചെയ്തിരിക്കുന്നത്. പഠിച്ചവരോടും ഉത്തരമെഴുതുന്നവരോടും തീർത്തും ഉത്തരവാദിത്തരഹിതമായ ഒരു പെരുമാറ്റമായിട്ടേ ഇത്തരം ചോദ്യങ്ങളെ കാണാനാവൂ.

ഇതിനു സമാനമായി മറ്റൊരു ചോദ്യപ്പേപ്പർ. Computer Organization and Design എന്ന വിഷയത്തിന്റെയാണ്.

/img/exams/cod.jpg

Explain, Discuss, What do you mean by എന്നൊക്കെ മാറിമാറിച്ചേർത്തെഴുതിയാൽ പരീക്ഷാചോദ്യങ്ങൾ തയ്യാറാക്കാമെന്നു കരുതുന്നവരെയാണോ ചോദ്യപ്പേപ്പർ തയ്യാറാക്കാൻ ഏൽപ്പിക്കുന്നത്?

ഈ സര്‍വ്വകലാശാലാ പരീക്ഷയ്ക്ക് പറ്റുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ എന്താണ് വേണ്ടത്? എന്തു ചോദ്യം കിട്ടിയാലും എന്തെങ്കിലുമൊക്കെ എഴുതാനുള്ള പരിശീലനം കൊടുക്കുക. പലവട്ടം ആവര്‍ത്തിക്കുന്ന ചോദ്യങ്ങളൊക്കെ അച്ചടിച്ച നോട്ടായി കൊടുക്കുന്ന സാങ്കേതികസ്ഥാപനങ്ങളൊക്കെയുണ്ടാവുന്നത് അങ്ങനെയാണ്. രണ്ടു ദിവസം മെനക്കെട്ടാല്‍ തരക്കേടില്ലാത്ത മാര്‍ക്കു വാങ്ങാന്‍ ഇങ്ങനെയൊരു നോട്ടുണ്ടെങ്കില്‍ മതിയാകും. അവിടെയൊക്കെ പരീക്ഷാ റിസല്‍ട്ടും മെച്ചപ്പെടും. കാര്യവും കാരണവും ബോദ്ധ്യപെടുത്തി ക്ലാസ്സെടുക്കുന്ന അദ്ധ്യാപകര്‍ ഈ പരീക്ഷാമത്സരത്തില്‍ തോറ്റുപോകുന്നു. അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് “ജൈവലോകത്തെ” നൂറുവിധത്തില്‍ അപഗ്രഥിയ്കാന്‍ അറിയുമായിരിയ്ക്കും, പക്ഷേ ഇങ്ങനെയൊരു ചോദ്യത്തിന് അതിലെന്തെഴുതണമെന്നറിയാതെ കുഴങ്ങും. അവരിലും പഴയ ചോദ്യപ്പേപ്പറൊകെ നോക്കി നോട്ടൊക്കെ തയ്യാറാക്കുന്ന വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടും. ഉന്നതവിദ്യാഭ്യാസത്തിനായി GATE പോലുള്ള അഭിരുചി പരീക്ഷയിലേയ്കു വരുമ്പോഴാണ് ഇത്തരം ക്ലാസ്സ്‌റൂം കോച്ചിങ്ങ് വെറും വെള്ളത്തിൽ വരച്ച വരയായിരുന്നുവെന്ന് പലര്‍ക്കും ബോദ്ധ്യപ്പെടുക. ഇതു കടന്നു കൂടുവാനായി സ്പെഷ്യല്‍ കോച്ചിങ്ങ് സെന്ററുകള്‍ ഒക്കെ നമ്മുടെ നാട്ടില്‍ വേണ്ടി വരുന്നത് അത്തരം വിശകലനാത്മകമായ പഠനം കോളേജുകളില്‍ അധികം നടക്കാത്തതു കൊണ്ടാണ്.

എന്റെ തലമുറയിലെ അദ്ധ്യാപകരില്‍ ഭൂരിപക്ഷവും ഈ ഒരു സിസ്റ്റത്തിലൂടെ പഠനകാലം കഴിഞ്ഞു വന്നവരാണ്. അവരില്‍ നിന്നും അതുകൊണ്ടാണ് ആദ്യഖണ്ഡികയില്‍ പറഞ്ഞ തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്. സിലബസ്സിലുള്ള വാക്കുകളൊക്കെ ക്ലാസ്സില്‍ സൂചിപ്പിച്ച് ചിലതിനേക്കുറിച്ചുള്ള പുസ്തകത്തിലൊക്കെ ലഭ്യമായ പരിശീലന ചോദ്യങ്ങളും കൊടുത്തുകഴിഞ്ഞാല്‍ തന്റെ കര്‍ത്തവ്യം പൂര്‍ണ്ണമായി എന്ന തോന്നലവര്‍ക്കുണ്ടാവുക സ്വാഭാവികമാണ്. അവരെ സംബന്ധിച്ചിടത്തോളം പരീക്ഷയ്ക്കു വേണ്ടി ബാക്കിയൊക്കെ സ്വയം സജ്ജരാകേണ്ടത് വിദ്യാര്‍ത്ഥികളുടെ പണിയാണ്. ആദര്‍ശാത്മകമായ ക്ലാസ്സ്മുറിയിലെ വിദ്യാര്‍ത്ഥിക്കും കാര്യങ്ങളറിയുമെങ്കിലും പരീക്ഷയ്ക്കു തയ്യാറെടുക്കല്‍ സ്വന്തം പണിതന്നെ. ചുരുക്കി പറഞ്ഞാല്‍ ഈ രണ്ടു വിഭിന്നധ്രുവങ്ങളില്‍ നില്‍ക്കുന്ന ക്ലാസ്സിലെ വിദ്യാര്‍ത്ഥികളും മേല്‍പ്പറഞ്ഞ പരീക്ഷാ സമ്പ്രദായത്തില്‍ ഒരുപോലെയാണ്. മാര്‍ക്കിന്റെ കാര്യത്തില്‍ പലപ്പോഴും ഇവരേക്കാള്‍ മറ്റൊരു വിഭാഗം (ചിട്ടയായി നോട്ടൊക്കെ കൊടുത്തുവിടുന്ന - അതിലപ്പുറം ഒന്നും നടക്കാത്ത ) സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ശോഭിയ്ക്കുകയും ചെയ്യും.

മൂല്യനിര്‍ണ്ണയോപാധികളെപ്പറ്റി ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സാമാന്യബോധം കൊണ്ടു മനസ്സിലാക്കുന്നത് ലളിതമായത്, അടിസ്ഥാന ജ്ഞാനം പരിശോധിക്കുന്നത്, പ്രായോഗികജ്ഞാനം പരിശോധിക്കുന്നത്, സങ്കീര്‍ണ്ണമായത് എന്നിങ്ങനെയൊക്കെയായി ചോദ്യങ്ങളെ തരം തിരിച്ച് നിശ്ചിത ശതമാനം മാര്‍ക്ക് ഓരോ വിഭാഗത്തിനും മാറ്റിവെച്ച് സന്തുലിതമായ ഒന്നാവണം ചോദ്യപ്പേപ്പറെന്നാണ്. ഒരു വിഷയത്തെക്കുറിച്ച് സാമാന്യമായ ഒരു ബോധവും അതെന്തിനു പഠിയ്ക്കുന്നു എന്ന അറിവും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് തോല്‍ക്കേണ്ടി വരുന്ന ഒന്നാവരുത് പരീക്ഷ. പക്ഷേ ആഴത്തിലുള്ള അപഗ്രഥനം സാധ്യമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാവണം ഉയര്‍ന്ന സ്കോറിനുള്ള അവസരം.

പറഞ്ഞു വന്നത് പരീക്ഷയിലെ മാര്‍ക്കിന് നിലവിലുള്ള നിലയും വിലയുമൊന്നും കുറയാന്‍ പോകുന്നില്ല. പരീക്ഷാഫലം തന്നെയാവും സ്ഥാപനങ്ങളുടെ വിപണിമൂല്യത്തേയും നിര്‍ണ്ണയിക്കുക. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളൊക്കെ ഒരു സാങ്കേതിക സര്‍വ്വകലാശായുടെ കീഴില്‍ വന്നതോടെ എല്ലാ സ്ഥാപനങ്ങളേയും ഒന്നിച്ചു വിലയിരുത്താന്‍ പറ്റുന്ന ഒറ്റ അളവുകോലായി യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറി. അപ്പോള്‍ പരീക്ഷകള്‍ അഭിരുചിയും അറിവും അതിന്റെ ആഴവും പരപ്പുമൊക്കെ അളക്കാനുതകുന്ന വിധത്തില്‍ തയ്യാറാക്കിയാല്‍ ആ മാര്‍ക്കിന് തീര്‍ച്ചയായും വിലയുണ്ടാകും. സാങ്കേതിക പഠനം അതിന്റെ ലക്ഷ്യം നിറവേറ്റുന്നുവെന്നുറപ്പു വരുത്താന്‍ പരീക്ഷയ്ക്കു കുറേയൊക്കെ സാധിക്കുകയും ചെയ്യും.

ഇപ്പോൾ കേരള സാങ്കേതികസർവകലാശാലയുടെ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ. മൂന്നാം സെമെസ്റ്റർ പരീക്ഷകളിൽ പാഠഭാഗം ആഴത്തിൽ അറിഞ്ഞവർക്കല്ലാതെ ഉത്തരങ്ങളൊന്നുമേ എഴുതാനാവാത്ത വിധം ചോദ്യങ്ങളാണ് ഇലക്ട്രോണിക്സ് വിഭാഗം വിഷയങ്ങൾക്കുണ്ടായിരുന്നത്. ഫലത്തിൽ മുഴുവനറിഞ്ഞില്ലെങ്കിൽ ഒന്നുമറിയില്ല എന്ന ഒരു ലേബലിങ്ങാവും മാർക്കിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ കാണാനാകുക. അറിവിനും അത് പ്രയോഗിക്കാനുള്ള കഴിവിനും ആനുപാതികമാവില്ല നേടുന്ന സ്കോർ. എഞ്ചിനീയറിങ്ങ് അഭിരുചിയോടെയല്ലാതെയും ഈ ബിരുദകോഴ്സിനു ചേരുന്ന അനവധി വിദ്യാർത്ഥികൾ ഇവിടെയുണ്ട്. അവരെയൊക്കെയങ്ങ് തോൽപ്പിച്ചുകളഞ്ഞ് ശുദ്ധികലശം നടത്തേണ്ടതൊന്നുമില്ല. ഏതെങ്കിലും ഒരു ബിരുദകോഴ്സ് പൂർത്തിയാക്കുക എന്ന ഉദ്ദേശത്തോടെ എത്തിച്ചേരുന്ന ശരാശരിക്കാരും, ശരാശരി മാർക്കോടെ പരീക്ഷകൾ കടന്നുകൂടെട്ടേ. അതുകൊണ്ട് വലിയ ദോഷമൊന്നും വരാനില്ല. ബിരുദസമ്പാദനത്തിനു ശേഷം തങ്ങൾക്ക് എത്തിച്ചേരാൻ പറ്റുന്നിടതേയ്ക്ക് അവർ എത്തിക്കോട്ടേ.

പക്ഷേ ഒരു പുസ്തകത്തിന്റേയും റെഫറൻസിന്റേയും സഹായം കൂടാതെ നിർദ്ധരിക്കേണ്ട എഞ്ചിനീയറിങ്ങ് പ്രശ്നങ്ങളൊന്നും പ്രായോഗിക ജീവിതത്തിലുണ്ടാകാൻ പോകുന്നില്ല. ലഭ്യമായ വിഭവങ്ങളെല്ലാം ഉപയോഗിച്ച് എങ്ങനെ ഏറ്റവും സമർത്ഥമായി പ്രശ്നങ്ങൾ പരിഹരിക്കാം അല്ലെങ്കിൽ ജീവിതം മെച്ചപ്പെടുത്താം എന്നിടത്താണ് സാങ്കേതിക വൈദഗ്ദ്ദ്ധ്യം തെളിയിക്കേണ്ടത്. ഒരു പുസ്തകത്തിൽ നിന്നും വെറുതേയങ്ങ് പകർത്തേണ്ടതല്ല, പകരം അതിലെ ഫാക്റ്റും ഒപ്പം സ്വന്തം സർഗ്ഗസാങ്കേതികബോധവും ചേർത്ത് ഉത്തരത്തിലെത്തേണ്ട ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ പരീക്ഷകൾക്ക് പുസ്തകങ്ങൾ ഒപ്പം കൂട്ടാമെന്നാവാം. ‘കോപ്പിയടി’ എന്ന സാദ്ധ്യത പോലും ഇതോടെ തള്ളിക്കളയാനാകണം. ഇത്തരം ചർച്ചകൾ ‘സ്വാശ്രയകോളേജുകൾ - കോപ്പിയടി’ വിവാദവുമായി ബന്ധപ്പെട്ട് സാമൂഹമാദ്ധ്യമത്തിൽ ധാരാളമായി കാണുകയുണ്ടായി. അതു വളരെ ശരിയാണു താനും.

സാങ്കേതിക പഠനത്തിന്റെ അളവുകോല്‍ സെമസ്റ്ററവസാനമുള്ള എഴുത്തുപരീക്ഷ മാത്രമല്ല എന്ന് ഇതെഴുന്ന എനിയ്ക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് ക്ലാസ്സില്‍ തുടര്‍ച്ചയായി നടത്തുന്ന മൂല്യനിര്‍ണ്ണയവും ഇതോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നു. പക്ഷേ ആ ഇന്റേണല്‍ മാര്‍ക്ക് നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡം ക്ലാസ്സിലെ അസൈന്‍മെന്റ്, ഇന്റേണല്‍ പരീക്ഷകള്‍ ഒക്കെ ചേര്‍ന്നിട്ടാണ്. അസൈന്‍മെന്റുകള്‍ എന്ന നിലയില്‍ സിലബസിലെ ഏതെങ്കിലും ഒന്നോ രണ്ടോ ടോപ്പിക്കുകളെക്കുറിച്ചുള്ള ചെറുതോ വലുതോ ആയ കുറിപ്പുകള്‍ തയ്യാറാക്കുവാനാകും വിദ്യാര്‍ത്ഥികളോട് അദ്ധ്യാപകര്‍ ആവശ്യപ്പെടുക. ആദ്യം പൂര്‍ത്തിയാകുന്ന കുറച്ചുപേരുടെ കുറിപ്പുകളുടെ തനിപ്പകര്‍പ്പായ അറുപതോളം ‘അസൈന്‍മെന്റുകള്‍’ക്ക് പ്രത്യേകിച്ചൊരു മാനദണ്ഡവുമില്ലാതെ അനുവദിച്ചിരിക്കുന്ന മാര്‍ക്ക് വീതിച്ചു കൊടുക്കുക എന്നതിലപ്പുറം അദ്ധ്യാപകര്‍ക്കു ഒന്നുമവിടെ ചെയ്യാനുണ്ടാകില്ല. ചുറ്റുപാടുകളില്‍ നിന്നും അധികവിവരം ശേഖരിയ്ക്കുവാനും ലഘുപ്രോജക്റ്റുകള്‍ചെയ്യുവാനുമൊക്കെ കരിക്കുലം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും പഠിച്ചതേ പാടൂവെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

അതിനു മാറ്റം വരണമെങ്കില്‍ തങ്ങള്‍ പഠിച്ചതിന്നും ശീലിച്ചതിനുമപ്പുറം എന്തൊക്കെ പാഠ്യോപാധികളും സാദ്ധ്യതകളുണ്ടെന്നതിനെക്കുറിച്ചു കേരളത്തിലങ്ങോളമിങ്ങോളമുള്ള എഞ്ചിനീയറിങ്ങ് അദ്ധ്യാപകര്‍ക്ക് അറിവുപകരേണ്ടതുണ്ട്. കരിക്കുലം ചട്ടക്കൂട് എങ്ങനെയൊക്കെ സര്‍ഗ്ഗാത്മകമാക്കിയാലും അത് പ്രായോഗികതലത്തില്‍ എത്തണമെങ്കില്‍ അദ്ധ്യാപകരും അതിനു പാകത്തില്‍ പരിശീലിപ്പിക്കപ്പെടണം. അനുഭവപരിചയം കൊണ്ട് അല്ലെങ്കില്‍ മികച്ച ഉള്‍ക്കാഴ്ച്ചകൊണ്ട് ഓരോരോ വിഷയത്തിനും പറ്റിയ അദ്ധ്യാപന രീതികള്‍ സ്വായത്തമാക്കിയവര്‍ ഉണ്ടാകുമെങ്കിലും അതു പങ്കുവെയ്ക്കുവാനൊരു വേദി നമുക്കില്ല.

ഫാക്കല്‍ട്ടി ഡെവലപ്പ്മെന്റ് പ്രോഗ്രാം (FDP) പലപ്പോഴും കോളെജുകള്‍ മുന്‍കൈ എടുത്തു നടത്താറുണ്ട്. അവിടെ subject knowledge വികസിപ്പിക്കുക എന്നതിലുപരി ബോധനശാസ്ത്രം അധികം ചര്‍ച്ചയിലെത്താറില്ല. ഇതിനു സാങ്കേതിക സര്‍വ്വകലാശാല തന്നെ ഒരു സ്ഥിരം സംവിധാനം രൂപീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ ഗുണം ചെയ്യും. അതു വഴി അദ്ധ്യാപക പരിശീലനം ഓരോ വെക്കേഷന്‍ കാലത്തും നടത്തണം. അദ്ധ്യാപനത്തിന്റെ രീതിശാസ്ത്രം മുതല്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുവാനുള്ള പരിശീലനം വരെ കൊടുക്കുകയും വേണം. ഇതൊന്നും മേല്‍ത്തട്ടില്‍ നിന്നും നിര്‍ബന്ധം ചെലുത്തി ചെയ്യിക്കേണ്ടതില്ല. പരിശിലനം ലഭിച്ച അദ്ധ്യാപകരുടെ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പ്രതികരണം കൊണ്ടു തന്നെ ഇതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് വേണ്ടവര്‍ പരിശീലനത്തിനെത്തിക്കൊള്ളും. ഓരോ വിഷയങ്ങള്‍ക്കും ലഭ്യമായിട്ടുള്ള അദ്ധ്യാപനസഹായികളുടെയും പഠന വിഭവങ്ങളുടെയും കേന്ദ്രീകൃതമായ വിഭവസമാഹരണം നടത്തി അതു സ്വതന്ത്രലൈസന്‍സില്‍ ലഭ്യമാക്കുകയും വേണം. ഇവയൊക്കെയുണ്ടെങ്കില്‍ തന്നെ ഒരു വിഷയം പുതിയതായി കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് പോലും ‘സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍’ ഇല്ലാതെ സുഗമമായി അദ്ധ്യാപനം സാധ്യമാകും.

ക്ലാസ്സില്‍ നിന്നും തന്നെ വിഷയത്തിലുള്ള അടിസ്ഥാനം ഉറച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി തയ്യാറാക്കിയ ഒരു ചോദ്യപ്പേപ്പര്‍ നേരിടാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല. എന്താണെന്നും എന്തിനാണെന്നുമറിയാത്ത ഒരു വിഷയം പാസ്സാകാനുള്ള നോട്ടുകളും കുറുക്കുവഴിയും അന്വേഷിച്ചു സമയം കളയേണ്ടി വരില്ല അവര്‍ക്ക്. ഈ അധികസമയം മതിയാകും പഠിച്ച കാര്യങ്ങള്‍ പ്രായോഗികമായി ഉപയോഗിക്കുവാന്‍ ചുറ്റിലുമുള്ള അവസരങ്ങള്‍ തിരിച്ചറിഞ്ഞ് ചെറിയ പ്രോജക്റ്റുകള്‍ ചെയ്യുവാനും അതുവഴി പഠനകാലം സാര്‍ത്ഥകമാക്കുവാനും. ഇത്തരം പ്രവര്‍ത്തനങ്ങളൊക്കെത്തന്നെ മതിയാകും ഇന്റേണല്‍ മൂല്യനിര്‍ണ്ണയത്തിന്. സ്വന്തമായി ഇതൊക്കെ ചെയ്ത ഒരു വ്യക്തിക്ക് സെമസ്റ്ററവസാനമുള്ള പരീക്ഷയൊന്നും ഒരു വെല്ലുവിയേ ആവുകയില്ല.

ഇപ്പറഞ്ഞതൊക്കെ യാഥാര്‍ഥ്യമാക്കുവാന്‍ പോന്ന വിഭവശേഷിയൊക്കെ തല്‍ക്കാലം സാങ്കേതികസര്‍വ്വകലാശാലയ്ക്കില്ലെങ്കിലും അദ്ധ്യാപകരുടെ കൂട്ടായ്മകളൊക്കെ മുന്‍കൈ എടുത്താലെങ്കിലും കുറച്ചു ചുവടുവെപ്പുകള്‍ നടത്താനാകുമെന്നു കരുതുന്നു.

കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ കഴിഞ്ഞ ഒരു പത്തു വര്‍ഷത്തിനിടയില്‍ കണ്ടിട്ടുള്ള ചോദ്യപ്പേപ്പറുകളെക്കുറിച്ചാണ്.

comments powered by Disqus