ബ്രിട്ടാനിയിൽ, അറ്റ്ലാന്റിക്ക് തീരത്ത്

ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു പ്രവിശ്യയാണ് ബ്രിട്ടാനി. പേരുകേട്ട യൂറോപ്യൻ നഗരങ്ങളുടെ തിരക്കേതുമില്ല. ഉള്ളത് ചെറുപട്ടണങ്ങളും ഗ്രാമങ്ങളും മാത്രം. പടിഞ്ഞാറ് മത്സ്യസമ്പന്നമായ അറ്റ്ലാന്റിക്ക് സമുദ്രതീരം. കൃഷിയും അനുബന്ധവ്യവസായങ്ങളുമാണ് പ്രധാനവരുമാനം. ബ്രിട്ടാനിയുടെ പടിഞ്ഞാറുള്ള ചെറിയ തീരദേശപട്ടണമാണ് ബ്രെസ്റ്റ്. ലോകഭാഷകളുടെ ലിപിരൂപങ്ങളെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സമ്മേളനം ബ്രെസ്റ്റിലെ ഒരു യൂണിവേഴ്സിറ്റിയിൽ നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കാനും പ്രബന്ധമവതരിപ്പിക്കുവാനും സന്തോഷും ഞാനും പോകാൻ തയ്യാറെടുക്കുന്ന കൂട്ടത്തിലാണ് ഫ്രഞ്ച് പ്രവിശ്യയായ ബ്രിട്ടാനിയേക്കുറിച്ച് ഇത്രയുമൊക്കെ മനസ്സിലാക്കിയത്.

ബ്രെസ്റ്റ് പോർട്ടിനു സമീപം

ബ്രെസ്റ്റ് പോർട്ടിനു സമീപം

വായിച്ചറിഞ്ഞതിലേറെ അത്ഭുതങ്ങൾ ബ്രിട്ടാനി സമ്മാനിച്ചു. ജൂൺ പാതിയിലായിരുന്നു കോൺഫെറൻസ്. ഉത്തരാർദ്ധഗോളത്തിലെ വേനലിന്റെ മൂർദ്ധന്യം. നമ്മുടെ വേനലുമായൊന്നും താരതമ്യം പറ്റില്ല കേട്ടോ. ഇക്കാലത്ത് ബ്രെസ്റ്റിലെ താപനില വെറും 13 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെ മാത്രമാണ്. സൂര്യനസ്തമിച്ച് ഇരുട്ട് പരക്കാൻ രാത്രി 11 മണിയൊക്കെയാകും. അതായത് രാത്രി പത്തുമണിയ്ക്കും വെയിലുകൊണ്ട് തണുത്തുവിറച്ച് നടക്കാം.

പെൻഫെൽഡ് നദീമുഖം, രാത്രി എട്ടു മണി. കൂർത്ത് ഗോപുരത്തോടുകൂടി കാണുന്നതാണ് ടാംഗ്വി ടവർ

പെൻഫെൽഡ് നദീമുഖം, രാത്രി എട്ടു മണി. കൂർത്ത് ഗോപുരത്തോടുകൂടി കാണുന്നതാണ് ടാംഗ്വി ടവർ

പെൻഫെൽഡ് നദിയുടെ കരയിലെ പട്ടണം: ബ്രെസ്റ്റ്

ബ്രെസ്റ്റ് നഗരത്തെ രണ്ടായി പകുത്തുകൊണ്ടാണ് പെൻഫെൽഡ് നദിയൊഴുകുന്നത്. നദി അറ്റ്ലാന്റിക്ക് സമുദ്രത്തിൽ ചേരുന്നിടത്താണ് ബ്രെസ്റ്റ് പോർട്ട്. ഫ്രെഞ്ച് നേവിയുടെ ആസ്ഥാനം കൂടിയാണ് ബ്രെസ്റ്റ്.

പെൻഫെൽഡ് നദിയുടെ ഇരുകരകളിലുമായിട്ടാണ് ബ്രെസ്റ്റിലെ കോട്ടയും ടാംഗ്വി ടവറും നിലകൊള്ളുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഏതാണ്ട് പൂർണ്ണമായും തകർക്കപ്പെട്ട ഈ പട്ടണത്തിൽ ഇന്നവശേഷിക്കുന്ന പുരാതനനിർമ്മിതികൾ ഇവയാണ്. ആയിരത്തിഎഴുന്നൂറോളം വർഷം പഴക്കമുള്ള കോട്ടയിന്ന് ഫ്രെഞ്ച് നേവിയുടെ ചരിത്രം സൂക്ഷിക്കുന്ന മ്യൂസിയം കൂടിയാണ്.

യുദ്ധത്തിനു ശേഷം പുനർനിർമ്മിക്കപ്പെട്ട ബ്രെസ്റ്റ് നഗരം സമ്പൂർണ്ണമായൊരു പ്ലാൻഡ് സിറ്റിയാണ്.ബ്രെസ്റ്റ് പട്ടണത്തിന്റെ അറ്റങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ട്രാം സർവീസുണ്ട്. റോഡിനു നടുവിലൂടെയുള്ള പ്രത്യേക ട്രാംപാത പാലത്തിനുമുകളിലൂടെ പോകുമ്പോൾ റോഡുമായുള്ള വേർതിരിവില്ലാതാകും. അപ്പോൾ ട്രാമും ബസ്സും പിന്നാലെപിന്നാലെ പോകുന്നത് കാണാം.

ട്രാമും കാറും

ട്രാമും കാറും

ട്രാംവേ കടന്നുപോകുന്ന ഈ പാലത്തിനൊരു പ്രത്യേകതയുണ്ട്. ഉയരം കൂടിയ കപ്പലുകൾക്കു കടന്നുപോകുവാനായി പാലം മേൽപ്പോട്ടുയർത്തുവാനാകും. അങ്ങനെ ഉയർത്തുന്ന കാഴ്ച കാണുവാൻ പറ്റിയില്ല.

ബ്രെസ്റ്റിലെ പൊക്കുപാലം

ബ്രെസ്റ്റിലെ പൊക്കുപാലം

സിയാം റോഡ് എന്ന കച്ചവടത്തെരുവ്

ബ്രെസ്റ്റിലെ കച്ചവടതെരുവാണ് റൂ-ഡേ-സിയാം എന്ന സിയാം റോഡ്. കച്ചവടത്തെരുവെന്ന് കേൾക്കുമ്പോഴുള്ള തിരക്കൊന്നും ഇവിടെ കാണാനുണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകുന്നേരം പോലും തെരുവ് ഏതാണ്ട് ഒഴിഞ്ഞുകിടന്നു. ഇവിടെയെന്നല്ല ബ്രെസ്റ്റിലെവിടെയും അത്ര ആൾത്തിരക്കൊന്നും കണ്ടില്ല. പൊതുവിൽ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളായതുകൊണ്ടാവാം. ആളുകളേക്കാൾ കണ്ടത് പാർക്കുചെയ്തിരിക്കുന്ന കാറുകളായിരുന്നെന്നു പോലും തോന്നുകയുണ്ടായി.

തായ്‌ലൻഡിലെ സിയാമീസ് രാജാവും ഫ്രാൻസിലെ ലൂയി പതിനാലാമനും തമ്മിൽ പതിനേഴാം നൂറ്റാണ്ടിൽ നയതന്ത്ര ബന്ധങ്ങളുണ്ടായിരുന്നു. അതിനായുള്ള സിയാം പ്രതിനിധികളുടെ യാത്രകളിലൊന്ന് ബ്രെസ്റ്റിലെ ഈ തെരുവിലൂടെയായിരുന്നു. അതിന്റെ സ്മരണയിലാണത്രെ തെരുവിന് സിയാം റൊഡെന്ന് പേരിട്ടത്. റൂ-ഡേ-സിയാം അവസാനക്കുന്നിടത്താണ് മുമ്പ് സൂചിപ്പിച്ച പോണ്ട്-ഡേ-റിക്കൂവറൻസ് എന്ന പൊക്കുപാലം. തെരുവിന് ഒത്ത നടുവിലൂടെയാണ് ട്രാംവേ കടന്നുപോകുന്നത്.

ബ്രെസ്റ്റിൽ ഇന്ത്യക്കാരെയൊന്നും കാണാൻ സാധിച്ചില്ലെങ്കിലും ഇന്ത്യൻ റെസ്റ്റോറന്റുകൾ ഇവിടെ ധാരാളമുണ്ട് എന്നത് അത്ഭുതമായി തോന്നി. അങ്ങനെയൊരിടത്ത് ചെന്നപ്പോൾ കഴിയ്ക്കാനെത്തിയവരും നടത്തിപ്പുകാരുമൊക്കെ തദ്ദേശീയരായിരുന്നു താനും.

നഗരവഴികൾ

ബ്രെസ്റ്റ് ഹാർബറിനും നേവൽ മ്യൂസിയത്തിനുമിടയ്ക്ക് മനോഹരമായ നടവഴികളുണ്ട്. കോഴ്സ് ഡാജോ എന്ന ഇലപൊഴിയും മരങ്ങൾ അതിരിട്ട വഴികൾ യാത്രികരുടെ പ്രിയപ്പെട്ട ഫോട്ടോസ്പോട്ടാണ്.

/img/brittany/course-dajot.jpg

നടവഴികളിലും പാർക്കുകളിലും ബാൽക്കണികളിലുമൊക്കെ നിറയേ പൂത്തു നിൽക്കുന്നുണ്ടാവും അനേകം പൂച്ചെടികൾ. പൂച്ചെടികൾ പരിപാലിക്കുന്നതിൽ ബ്രിട്ടാനികൾക്ക് പ്രത്യേക താത്പര്യമുള്ളതുപോലെ തോന്നി, പൂത്തുലയുന്നതിൽ ചെടികൾക്ക് അതിലേറെയും.

/img/brittany/FotoJet.jpg

അത്ഭുതപ്പെടുത്തിയ മറ്റൊന്ന് കാൽനടയാത്രക്കാരോടുള്ള ഡ്രൈവർമാരുടെ പരിഗണനയാണ്. റോഡുമുറിച്ചുകടന്നാലോയെന്ന് മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ നിർത്തിത്തരുന്ന വണ്ടികൾ എങ്ങനെ നമ്മളെ ഞെട്ടിക്കാതിരിക്കും? വണ്ടികൾക്ക് ഗ്രീൻ സിഗ്നലാണെങ്കിൽ പോലും കാൽനടക്കാർ ക്രോസ്സുചെയ്യാൻ നിൽപ്പുണ്ടെങ്കിൽ അവരെകടത്തിവിടാനായി വണ്ടികൾകാത്തുനിൽക്കുന്ന അനുഭവം പലവട്ടം ഉണ്ടായി.

ഐ. എം. ടി. അറ്റ്ലാന്റിക്ക് യൂണിവേഴ്സിറ്റി

ഞങ്ങൾ പങ്കെടുക്കാൻ പോയ കോൺഫെറൻസ് നടക്കുന്നത് ഇവിടെയാണ്. ഇത് പ്രധാനമായും ഒരു സാങ്കേതികസർവ്വകലാശാലയാണ്. അറ്റ്ലാന്റിക്ക് തീരത്ത് വിശാലമായ ക്യാമ്പസിൽ ഇത് പരന്നുകിടക്കുന്നു.

/img/brittany/conference.jpg

ബ്രിട്ടാനിയിലെ പ്രമുഖമായ ഗവേഷണസ്ഥാപനങ്ങളും കലാശാലകളുമൊക്കെ ബ്രെസ്റ്റ് നഗരപരിസരങ്ങളിലാണുള്ളത്.

പടിഞ്ഞാറെമുനമ്പിലെ ലു-കുൻകു

ഫ്രാൻസിൽ മുഴുവനും സംസാരഭാഷ ഫ്രെഞ്ചല്ല, കേട്ടോ. ബ്രിട്ടാനിയിലെ തദ്ദേശീയ ഭാഷ ബ്രെട്ടൺ ആണ്. പക്ഷേ ബ്രെസ്റ്റിലെ പട്ടണപ്രദേശങ്ങളിലൊക്കെ ഫ്രെഞ്ചു തന്നെയാണ് സംസാരിക്കുന്നത്. എഴുതുന്നത് ലാറ്റിൻ ലിപിയിലായതുകൊണ്ട് നമുക്ക് ബ്രെട്ടണും ഫ്രെഞ്ചുമൊക്കെ ഒരുപോലെ. ബ്രെട്ടൺ ഭാഷയിൽ സ്ഥലനാമങ്ങളുടെ പേരുകൾ കണ്ടുതുടങ്ങിയത് ബ്രെസ്റ്റ് നഗരം വിട്ട് ഒട്ടൊരു ഗ്രാമപ്രദേശമായ ലു-കുൻകുവിലേയ്ക്ക് ബസ്സിൽ പോകും വഴിയായിരുന്നു. ലു-കുൻകു എന്നു നാട്ടുകാർ ഉച്ഛരിക്കുന്ന ഫ്രെഞ്ചിലെ Le-Conquet, ബ്രെട്ടൺ ഭാഷയിൽ കൊങ്ക് ലിയോൺ (Konk Leon) ആണ്.

/img/brittany/leconquet1.jpg

പാറക്കെട്ടുകൾ നിറഞ്ഞതാണ് ഇവിടുത്തെ അറ്റ്ലാന്റിക്ക് തീരം. അതുകൊണ്ടുതന്നെ കപ്പലുകൾക്ക് വഴികാട്ടാൻ നിറയെ ലൈറ്റ്ഹൗസുകൾ ഇവിടെയുണ്ട്. ബസ്സിറങ്ങിയിടത്തുനിന്നും ഏറ്റവും അടുത്തുള്ളൊരു ലൈറ്റ്ഹൗസ് വരെ നടക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനുമുമ്പ് ബ്രെട്ടൺ സ്പെഷ്യൽ കടൽവിഭവങ്ങൾ പരീക്ഷിക്കണമെന്നതും.

ലു-കുൻകുവിലെ ഹാർബർ. അക്കരെ കെർമോവൻ ഉപദ്വീപ് കാണാം

ലു-കുൻകുവിലെ ഹാർബർ. അക്കരെ കെർമോവൻ ഉപദ്വീപ് കാണാം

ലു-കുൻകുവിനെ ഫ്രാൻസിന്റെ പടിഞ്ഞാറേമുനമ്പെന്നു പറയാം. ഇതിലും പടിഞ്ഞാറോട്ടുമാറി രണ്ട് ചെറുദ്വീപുകൾ കൂടിയേ ഫ്രാൻസിലുള്ളൂ. അതിന്റെ അങ്ങേക്കര ഇനി അമേരിക്കൻ വൻകരമാത്രം. അറ്റ്ലാന്റിക്ക് ഇവിടെ പാറക്കല്ലുകളിൽ ആർത്തലയ്ക്കുന്നു. മത്സ്യബന്ധനത്തിനും ടൂറിസത്തിനുമുള്ള ബോട്ടുകൾ ധാരാളം. അതിമനോഹരമായ ഭൂപ്രകൃതി. പഴമയിലും പ്രൗഢിയിലും നിലകൊള്ളുന്ന പള്ളികളും കച്ചവടസ്ഥാപനങ്ങളും. ടൈലുപതിച്ച നിരത്തുകൾ ഹാർബറിലേയ്ക്കുള്ള പലവഴികളായി പിരിയുന്നു. പക്ഷേ പ്രദേശത്ത് ആളനക്കം തീരെക്കുറവ്.ഞങ്ങളിറങ്ങിയ ബസ്സ് കടന്നുപോയതിനു ശേഷം, ഓടുന്ന വാഹനങ്ങളൊന്നും അവിടെ കണ്ടില്ല. ആകെമൊത്തത്തിൽ ഒരു വിചിത്രലോകത്തെത്തിയ പ്രതീതി.

/img/brittany/leconquet2.jpg

കഴിക്കാൻ കയറിയപ്പോൾ ഇതേ ആംബിയൻസ് തന്നെ റെസ്റ്റോറന്റിനും. പ്രധാനവിഭവമായ സാൽമൺ, കാബേജിലയും തക്കാളിയുമൊക്കെ ചേർന്ന സാലഡിനൊപ്പമാണ് കിട്ടിയത്. പിന്നെ ക്രെപെ (crepe). ഇതു പരമ്പരാഗത ഫ്രെഞ്ചുവിഭവമാണ്, നമ്മുടെ ദോശപോലെ മാവുപരത്തി ചുടുന്നത്. പരത്തിയ മാവിനുമുകളിലെ മുട്ടയോ, ഇറച്ചിയോ, ചോക്ലേറ്റോ ഒക്കെയാണ് ഇതിലെ രുചി മാറ്റിമറിക്കുന്നത്.

/img/brittany/foodcollage.jpg

ഏറ്റവും പ്രശസ്തമായ ലൈറ്റ്ഹൗസിലേയ്ക്ക് നാലുകിലോമീറ്ററിലേറെ നടക്കണം. ഇവിടെനിന്ന് ബ്രെസ്റ്റിലേയ്ക്കു അധികം ബസ്സ് കണക്റ്റിവിറ്റി ഇല്ലായെന്ന് ടൈംടേബിൾ നോക്കി മനസ്സിലാക്കിയിരുന്നു. നടന്നുതിരിച്ചെത്താൻ സമയം ഉണ്ടോ? ഗൂഗിൾമാപ്പ് കുറച്ചുകൂടിയടുത്ത മറ്റൊരു ലൈറ്റ്ഹൗസിലേയ്ക്കു വഴികാണിച്ചു. അതുവരെ പോയിവന്നാൽ മതിയോ? ഇനിയിരിക്കൽ വരാൻ തന്നെ സാധ്യതയില്ലാത്ത ഈ ഫ്രെഞ്ചുതീരത്തെ ഏതു കാഴ്ചയാണ് ഒഴിവാക്കേണ്ടിവരിക?

ഒടുവിൽ നടന്നുകാണാൻ തീരുമാനിച്ചത് കെർമോവൻ എന്നൊരു ഉപദ്വീപാണ്. അതിന്റെമുനമ്പത്താണ് കെർമോവൻ ലൈറ്റ്ഹൗസ്. അറ്റ്ലാന്റിക്കിന്റെ ഭാഗമായ ഒരു ചെറിയ ഉൾക്കടൽ കടന്നുവേണം അക്കരെ കെർമോവനിലെത്താൻ. ഈ കടൽഭാഗം പൊതുവേ ശാന്തമാണ്. ഹാർബർ ഈ ശാന്തമായ ഭാഗത്താണ്. അങ്ങനെ സമുദ്രം നടന്നുതാണ്ടുവാനുള്ള പാലം തേടിയുള്ള വഴിയിൽ ഒരാളെപ്പോലും കണ്ടില്ല. ഗൂഗിൾമാപ്പിനെ മാത്രം വിശ്വസിച്ചു ഞങ്ങൾ നടന്നു.

/img/brittany/bridge.jpg

വേലിയേറ്റത്തിനുമുന്നേ കടലിറങ്ങിയനേരത്തായിരുന്നു ഞങ്ങൾ നടപ്പാലം കടന്നത്. അതപ്പോൾ അറിഞ്ഞിരുന്നില്ല. “ബോട്ടൊക്കെ കട്ടപ്പുറത്താണല്ലോ ആശാനേ” എന്നൊക്കെ പറഞ്ഞുനടന്നു. പാലം കടന്നക്കരെയെത്തി. കെർമോവൻ ഒരു മെലിഞ്ഞുനീണ്ട ഉപദ്വീപാണ്. കരയ്ക്കുകയറി കുറച്ചുമുന്നോട്ടു നീങ്ങിയപ്പോൾ തന്നെ അപ്പുറത്തെ ആർത്തലയ്ക്കുന്ന സമുദ്രം കാണാറായി. ഇവിടെ സൈക്കിളിലും മറ്റുമായി എത്തിയിരിക്കുന്ന മറ്റു സഞ്ചാരികളേയും കണ്ടു. നിറയെ ഓടുമേഞ്ഞ വീടുകൾ. പിശുക്കില്ലാതെ പൂത്തുലഞ്ഞുനിൽക്കുന്ന ചെടികൾ. കടൽക്കാറ്റ്, ചൂടില്ലാത്ത വെയിലും. പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെയുള്ള നടത്തം പോലും നമ്മളെ ഉന്മേഷഭരിതരാക്കും.

/img/brittany/flowers.jpg

നടന്നെത്തിയപ്പോഴാണ് മനസ്സിലാക്കിയത് കെർമോവൻ ഒരു സംരക്ഷിത പ്രകൃതിപ്രദേശമാണെന്ന്. മുനമ്പിനോടടുക്കുന്തോറും റോഡ് മാത്രമാകും ഏകമനുഷ്യനിർമ്മിതി.

/img/brittany/kermovan-collage.jpg

ഇത്ര പ്രശാന്തസുന്ദരമയ ഒരു പ്രദേശത്ത് തിരക്കില്ലാതെ സമയമെടുത്ത് ചെലവഴിക്കാൻ പറ്റിയത് മനസ്സ് നിറച്ചു. ലൈറ്റ്ഹൗസിലേയ്ക്ക് ഏറെ ദൂരമിനിയുമുണ്ട്. സംരക്ഷിതപ്രദേശമാണെങ്കിലും ആ കാലാവസ്ഥയിൽ വലിയ മരങ്ങളൊന്നും വളരാത്തതുകൊണ്ടാകണം വന്യത അത്ര തോന്നിച്ചില്ല, എങ്കിലും കാട്ടുമുയലുകളൊക്കെ പലവട്ടം മുന്നിലൂടെ ചാടിപ്പോയി. ലൈറ്റ്ഹൗസിലേയ്ക്ക് ഇനിയുമേറെ ദൂരമുണ്ടെന്ന് മാപ്പിൽ കാണുന്നു. നടത്തം തുടർന്നു, ഒടുവിൽ കൺമുന്നിൽ കർമോവൻ ലൈറ്റ്ഹൗസ് പ്രത്യക്ഷപ്പെട്ടു. ജീവിതത്തിൽ ഇതുവരെ താണ്ടിയവഴികളിൽ പടിഞ്ഞാറേയറ്റമാണ് കൺമുന്നിൽ.

കർമോവൻ ഉപദ്വീപിന്റെ മുനമ്പും ലൈറ്റ്ഹൗസും - ഒരു വിദൂരദൃശ്യം

കർമോവൻ ഉപദ്വീപിന്റെ മുനമ്പും ലൈറ്റ്ഹൗസും - ഒരു വിദൂരദൃശ്യം

വന്നദൂരമൊക്കെ തിരികെ നടക്കേണ്ടതുണ്ട്. ഈ പരിസരത്തുകൂടി എത്ര നടന്നാലും മുഷിയില്ലല്ലോ!! സഞ്ചാരികളുടെ ബഹളങ്ങളൊന്നുമില്ലാതെ മനോഹരമായ പ്രദേശത്തുകൂടി ഒരു അപൂർവ യാത്രാനുഭവം. തിരികെവരുമ്പോൾ വേലിയേറ്റം നടക്കുന്നു. പച്ചനിറത്തിൽ സമുദ്രജലം നടപ്പാലത്തിനുകീഴിലൂടെ ഒഴുകിക്കയറുന്നു. നേരത്തേ കരയിലെന്നു ധരിച്ച ബോട്ടുകളൊക്കെ ഇപ്പോൾ വെള്ളത്തിലാണ്.

ബസ്‌സ്റ്റോപ്പിൽ തിരികെയെത്തി. ഉച്ചയ്ക്കു ഭക്ഷണം കഴിച്ച റെസ്റ്റോറന്റൊക്കെ ഇതിനോടകം അടച്ചിരുന്നു. ഒരുപക്ഷേ അത്താഴസമയത്ത് വീണ്ടും തുറക്കുമായിരിക്കും. യാത്രികരായി അവിടെ നിന്നുകയറാൻ ഞങ്ങളെക്കൂടാതെ രണ്ടുപേർമാത്രം. ആറരയ്ക്കാണ് തിരികെ ബ്രെസ്റ്റിലേക്കുള്ള അവസാനബസ്സ്. ഞങ്ങൾ കാത്തുനിന്നു, ഒരു മടങ്ങിവരവിനായി മനസ്സും.

comments powered by Disqus