യൂണിക്കോഡ് പത്താം പതിപ്പ്: മലയാളത്തിന് മൂന്നു പുതിയ കോഡ്പോയിന്റുകൾ കൂടി

യൂണിക്കോഡിന്റെ പത്താം പതിപ്പ് പുറത്തിറങ്ങി. മലയാളത്തിന്റെ കോഡ് ബ്ലോക്കിലേയ്ക്ക് പുതിയ മൂന്നു അക്ഷരങ്ങൾ കൂടി ഔദ്യോഗികമായി ചേർന്നിരിക്കുന്നു. അങ്ങനെ മലയാളത്തിന്റെ കോഡ് ബ്ലോക്കിൽ 117 അക്ഷരങ്ങൾ ആയി.

/img/unicode10/unicode10-mal-codechart.png

പുതിയ അക്ഷരങ്ങൾ ഇവയാണ്:

  1. D00 - Combining Anuswara Above
  2. 0D3B - Malayalam Sign Vertical Bar Virama
  3. 0D3C- Malayalam Sign Circular Virama

പ്രാചീനരേഖകളിൽ കണ്ടുവരുന്നവയാണ് ഈ ചിഹ്നങ്ങൾ. അത്തരം ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷനിലും, പ്രാചീനലിപിസംബന്ധമായ പഠനഗവേഷണങ്ങളിലുമൊക്കെ ഇവ ഉപയോഗിക്കപ്പെട്ടേക്കാം.

0D00 - Combining Anusvara Above

ആദ്യത്തേത് 'മുകളിലുള്ള അനുസ്വാരമാണ്'.
/img/unicode10/combining-anuswara-above.png

മലയാളത്തിൽ നാമിന്നുപയോഗിക്കുന്ന അനുസ്വാരത്തിനു തുല്യമായ ഉപയോഗമാണ് പ്രാചീനമലയാളലിപിയിൽ ഈ ചിഹ്നത്തിനുള്ളത്. അതായത് നാമിന്നുപയോഗിക്കുന്ന അനുസ്വാരം മറ്റക്ഷരങ്ങളുടെ അതേ നിരപ്പിൽ തന്നെ കിടന്ന് അതിനിടതുവശത്തുള്ള അക്ഷരത്തോട് ‘മകാരം’ ചേർക്കുമ്പോളുള്ള ഉച്ചാരണം നൽകുന്നു. പുതിയതായി നിർവ്വചിച്ചിരിക്കുന്ന ‘മുകളിലുള്ള അനുസ്വാരം’ അതുനുചുവട്ടിലുള്ള അക്ഷരത്തോടു ‘മകാരം’ ചേരുമ്പോഴുള്ള ഉച്ചാരണം നൽകുന്നു.

/img/unicode10/anuswara-above-sample.png

പ്രാകൃതഭാഷയിലെ നാടകസംഭാഷണങ്ങൾ മലയാളലിപിയിലെഴുതിയിരുന്നു. നാനൂറോളം വർഷം പഴക്കമുള്ള കയ്യെഴുത്തുപ്രതികൾ ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ നൽകുന്നുണ്ട്. യൂണിക്കോഡിലേയ്ക്ക് ഇതു ചേർക്കാനുള്ള ശ്രീരമണശർമ്മയുടെ നിർദ്ദേശത്തിൽ ഇവ ലഭ്യമാണ്. പക്ഷേ തെളിവിനായുപയോഗിച്ചിരിക്കുന്ന കയ്യെഴുത്തുപ്രതികളിൽ തന്നെ അക്ഷരത്തോടൊപ്പം നിരന്നു കിടക്കുന്ന ‘അനുസ്വാരസമാനമായ ചിഹ്നങ്ങളും’ കാണാം. പക്ഷേ അവയ്ക്കു മറ്റൊരർത്ഥമാണ് പ്രാകൃതഭാഷ മലയാളലിപിയിൽ എഴുതുമ്പോഴുള്ളത്. ഈ സന്ദർഭത്തിൽ അതിന്റെ വലതുവശത്തുള്ള അക്ഷരത്തെ ഇരട്ടിപ്പിക്കുകയാണു ചെയ്യുക. നാം സ്ഥിരമായി ഉപയോഗിക്കുന്ന അനുസ്വാരത്തിന്റെ ഈ പ്രാചീന ഉപയോഗത്തെപ്പറ്റി യൂണിക്കോഡ് ചാർട്ടിൽ സൂചിപ്പിക്കുന്നുമുണ്ട്.

/img/unicode10/ml-anuswara.png

അതായത് പ്രാകൃതഭാഷ എഴുതാനായി മലയാളലിപി ഉപയോഗിക്കുമ്പോൾ ‘അനുസ്വാരം’ അതിന്റെ പിന്നാലെ വരുന്ന വ്യഞ്ജനത്തെ ഇരട്ടിപ്പിക്കുന്ന ഉച്ചാരണം നൽകുന്നു. ‘പത്തി’ എന്ന ഉച്ചാരണത്തിനായി ‘പംതി’ എന്നാവും എഴുതുക. എന്നുവെച്ചാൽ ‘പ + ം + തി’ എന്ന യൂണിക്കോഡ് സീക്വൻസിന് സാന്ദർഭികമായി രണ്ടു വ്യത്യസ്ഥ അർത്ഥവും ഉച്ചാരണവും വരുന്നുവെന്നാണ് സാരം. ഈ ഒരു സമീപനം യൂണിക്കോഡിന്റെ രീതിശാസ്ത്രത്തിനു നിരക്കുന്നതാണോയെന്ന സംശയം ബാക്കിവെയ്ക്കുന്നു. പിന്നാലെ വരുന്ന അക്ഷരത്തെ ഇരട്ടിപ്പിയ്ക്കുന്ന, കാഴ്ചയിൽ അനുസ്വാരം പോലെ തന്നെ തോന്നിപ്പിയ്ക്കുന്ന ഈ ചിഹ്നത്തെ പ്രത്യേകം എൻകോഡ് ചെയ്യേണ്ടതാണെന്നാണ് ഈ പ്രൊപ്പോസലിലെ തന്നെ തെളിവുകൾ വെച്ച് എനിക്കു തോന്നുന്നത്.

0D3B - Malayalam Sign Vertical Bar Virama

പുതിയ യൂണിക്കോഡ് പതിപ്പിൽ അടുത്തതായി എൻകോഡ് ചെയ്യപ്പെട്ടത് 'കുത്തനെയുള്ള വിരാമചിഹ്നമാണ്'. 0D3B ആണിതിന്റെ കോഡ് പോയിന്റ്.
/img/unicode10/verticalbarvirama.png

ഇത് സാധാരണയായി നാമുപയോഗിക്കുന്ന വിരാമചിഹ്നത്തിൽ നിന്നും വ്യത്യസ്ഥമാണ്. വിരാമചിഹ്നം അഥവാ ചന്ദ്രക്കല (0D4D) സംവൃതോകാരത്തെക്കുറിക്കാനും വ്യഞ്ജങ്ങളിലെ സ്വരസാന്നിദ്ധ്യമില്ലാത്തെ ശുദ്ധരൂപത്തെക്കുറിക്കാനുമാണുപയോഗിക്കുന്നത്. സംവൃതോകാരത്തെക്കുറിക്കുവാനായി ഇതുപയോഗിച്ചുതുടങ്ങിയത് 1847ൽ ഡോക്ടർ ഹെർമൻ ഗുണ്ടർട്ടാണ്. 1900ത്തോടുകൂടിയാണ് സ്വരസാന്നിദ്ധ്യം ഒഴിവാക്കാനായുള്ള ചിഹ്നമായിക്കൂടി ഇതിനെ ഉപയോഗിച്ചു തുടങ്ങിയത്.

ഇതിനൊക്കെ വളരെ മുമ്പുതന്നെ (1700കൾ മുതൽ) സംസ്കൃതത്തിൽ നിന്നും യൂറോപ്യൻ ഭാഷയിൽ നിന്നുമുള്ള ലിപിമാറ്റ എഴുത്തുകളിൽ സ്വരസാന്നിദ്ധ്യമില്ലാത്ത വ്യഞ്ജനത്തെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന ചിഹ്നമാണ് ‘കുത്തനെയുള്ള വിരാമചിഹ്നം’. ഇതിനെയാണ് ഇപ്പോൾ 0D3B എന്ന കോഡ് പോയിന്റോടെ എൻകോഡ് ചെയ്തിരിക്കുന്നത്. ചന്ദ്രക്കലയുടെ ഉപയോഗം സാർവത്രികമായപ്പോൾ ‘കുത്തനെയുള്ള വിരമചിഹ്നത്തിന്റെ’ ഉപയോഗം തീർത്തും ഇല്ലാതായി എന്നു തന്നെ പറയാം. കൂടുതൽ വിശദാംശങ്ങൾ ഷിജു അലക്സ്, വി.എസ്. സുനിൽ, സിബു ജോണി എന്നിവർ ചേർന്നു തയ്യാറാക്കിയ എൻകോഡിങ്ങ് പ്രൊപ്പോസലിൽ കാണാം.

0D3C- Malayalam Sign Circular Virama

'വട്ടത്തിലുള്ള വിരമചിഹ്നമാണ്' 0D3C എന്ന കോഡ്പോയിന്റോടു കൂടി അടുത്തതായി എൻകോഡ് ചെയ്യപ്പെട്ടത്. ഇത് പ്രൊപ്പോസ് ചെയ്തിരിക്കുന്നതും ഷിജു അലക്സ്, വി.എസ്. സുനിൽ, സിബു ജോണി എന്നിവർ ചേർന്നു തന്നെയാണ്.
/img/unicode10/circularvirama.png

സ്വരസാന്നിദ്ധ്യമില്ലാത്ത വ്യഞ്ജനത്തെക്കുറിക്കുവാനായിക്കൂടി ചന്ദ്രക്കല ഉപയോഗിച്ചു തുടങ്ങുന്നത് 1900ങ്ങൾ മുതലാണെന്ന് ‘കുത്തനെയുള്ള വിരാമചിഹ്ന’ത്തിന്റെ പ്രൊപ്പോസലിൽ തന്നെ കണ്ടുവല്ലോ. അങ്ങനെയൊരു ഉപയോഗം ചന്ദ്രക്കലയ്ക്ക് ഉണ്ടാവുന്നതിനു മുമ്പുള്ള ( ഏകദേശം 1850-1900) കാലത്ത് മലയാളത്തിൽ ‘വട്ടത്തിലുള്ള വിരാമചിഹ്നം’ ശുദ്ധവ്യഞ്ജനത്തെക്കുറിക്കാനായി ഉപയോഗിച്ചിരുന്നു.

കാഴ്ചയിൽ ‘മുകളിലുള്ള അനുസ്വാരം’ എന്ന ആദ്യം പറഞ്ഞ ചിഹ്നവുമായി ഇതിന് സാദൃശ്യം തോന്നാം. പക്ഷേ രണ്ടും തമ്മിൽ പ്രയോഗത്തിൽ വലിയ വ്യത്യാസമുണ്ട്. ‘മുകളിലുള്ള അനുസ്വാരം’ അതുചേരുന്ന വ്യഞ്ജനാക്ഷരത്തിന്റെ നേരെ മുകളിലായി കാണുമ്പോൾ ‘വട്ടത്തിലുള്ള വിരമചിഹ്നം’ അതുചേരുന്ന വ്യഞ്ജനാക്ഷരത്തിന്റെ വലതുമുകളിലായിട്ടാവും ഉണ്ടാവുക.

പ്രായോഗിക ഉപയോഗം

യൂണിക്കോഡിൽ എൻകോഡ് ചെയ്യപ്പെട്ടതുകൊണ്ടു മാത്രം കാര്യമില്ല. പ്രാചീന ഗ്രന്ഥങ്ങളുടെ ഡിഗിറ്റൈസേഷൻ ആവശ്യങ്ങൾക്കായിട്ടൊക്കെ ഈ ചിഹ്നങ്ങൾ ഉപയോഗിക്കണമെങ്കിൽ ഫോണ്ടുകളിൽ അവ വരച്ചു കോഡ്പോയിന്റ് അതുമായി ചേർക്കണം. അപ്പോഴേ ഇതു ഉപയോക്താവിലേയ്ക്ക് എത്തുകയുള്ളൂ.

തേങ്ങയ്ക്കും കോഡ്പോയിന്റ്

മലയാളഭാഷയുമായി ബന്ധമില്ലെങ്കിലും മലയാളികളുടെ സ്വന്തം തേങ്ങ ഒരു ഭക്ഷ്യവിഭവമെന്ന നിലയിൽ ഒരു ഇമോജിയായി കോഡ്പോയിന്റ് സ്വന്തമാക്കിയിരിക്കുന്നു. U+1F965 ആണ് തേങ്ങ ഇമോജിയുടെ കോഡ്പോയിന്റ്.
/img/unicode10/coconut-imoji.png

See also

comments powered by Disqus